പറവൂർ: വി.ഡി. സതീശൻ എം.എൽ.എ നടപ്പാക്കുന്ന ‘പുനർജനി -പറവൂരിന് പുതുജീവൻ’ പദ്ധതിക്കെതിരെ ആരോപണങ്ങളുമായി സി.പി.ഐ. വിദേശ രാജ്യങ്ങളിൽനിന്നടക്കം ഒട്ടേറെ പണം പിരിച്ചതായും ഗൗരവ ആരോപണം ഉയർന്നിട്ടും കണക്കുകൾ പുറത്തുവിടാത്തത് ദുരൂഹമാണെന്നും പാർട്ടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
വരവുചെലവ് കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്തണം. പ്രളയത്തിന് ശേഷം ആരംഭിച്ച പദ്ധതിയിൽ ഇരുനൂറോളം വീടുകൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അദ്ദേഹത്തിെൻറ അവകാശവാദം. രാജ്യാന്തരത്തിലും ദേശീയതലത്തിലും പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റിയും മണപ്പാട്ട് ഫൗണ്ടേഷനുമാണ് പങ്കാളികൾ. ഇവരിൽനിന്ന് മാത്രമാണോ പണം സ്വീകരിച്ചതെന്നും എത്രകോടി രൂപ ലഭിച്ചെന്നും ഏത് അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും വെളിപ്പെടുത്തണം. ഉപഭോക്താക്കളെ തെരഞ്ഞെടുത്ത മാനദണ്ഡങ്ങളും വ്യക്തമാക്കണം.
മണ്ഡലത്തിലെ ഒരുപഞ്ചായത്തിലും പുനർജനിയുടെ വിവരങ്ങൾ ലഭ്യമല്ലെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, ജില്ല കൗൺസിൽ അംഗങ്ങളായ കെ.എം. ദിനകരൻ, പി.എൻ. സന്തോഷ്, മണ്ഡലം അസി. സെക്രട്ടറി എ.കെ. സുരേഷ് എന്നിവര്‍ പറഞ്ഞു.
വിജിലന്‍സ് ഉള്‍പ്പെടെ ഏത് ഏജന്‍സിക്കും പരിശോധിക്കാം –വി.ഡി. സതീശൻ
പറവൂർ: എല്ലാ തെരഞ്ഞെടുപ്പ് വര്‍ഷങ്ങളിലും അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും ഇടതുപക്ഷ കക്ഷികള്‍ സ്ഥിരമായി നടത്തുന്ന പ്രചാരണങ്ങളുടെ തനിയാവര്‍ത്തനമാണ് സി.പി.ഐ ആരോപണമെന്ന് വി.ഡി. സതീശൻ എം.എൽ.എ. കണക്കുകൾ വിജിലന്‍സ് ഉള്‍പ്പെടെ സര്‍ക്കാറിെൻറ ഏത് ഏജന്‍സികള്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പറവൂരിെൻറ മൃതസഞ്ജീവനിയായി മാറിയ പുനര്‍ജനി പദ്ധതിയെ താറടിച്ചു കാണിക്കുകയാണ് സി.പി.ഐയുടെ ലക്ഷ്യം. അക്കൗണ്ട്സ് ഓഡിറ്റിങ്ങും സോഷ്യല്‍ ഓഡിറ്റിങ്ങും തമ്മിലുള്ള വ്യത്യാസം അറിയാതെയാണ് ആക്ഷേപം ഉന്നയിക്കുന്നത്.
ഒരു പദ്ധതി പൂര്‍ത്തിയാക്കുമ്പോഴാണ് അതിെൻറ കണക്കുകള്‍ അവതരിപ്പിക്കുന്നത്. പുനര്‍ജനി പദ്ധതിയുടെ പ്രവര്‍ത്തനം വിവിധ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയാക്കുന്ന മുറക്ക് കണക്കുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.