കെ. റെയിൽ: യു.ഡി.എഫിനെ പോലെ സി.പി.ഐക്ക്​ എതിർക്കാൻ പറ്റുമോ? പദ്ധതി നടപ്പാക്കണം -സി. ദിവാകരൻ

തിരുവനന്തപുരം: കെ. റെയിൽ പദ്ധതി സി.പി.എമ്മിന്‍റെ പ്രകടന പത്രികയിലുള്ളതാണെന്നും ഘടക കക്ഷിയായ സി.പി.ഐ ഇക്കാര്യത്തിൽ ഒപ്പം നിൽക്കുമെന്നും സി.പി.ഐ നേതാവ് സി. ദിവാകരൻ. 'പദ്ധതിയെ യു.ഡി.എഫ് എതിർക്കുന്നത് പോലെ സി.പി.ഐക്കോ മറ്റ്​ ഘടക കക്ഷികൾക്കോ എതിർക്കാൻ പറ്റുമോ? ഞങ്ങൾ കൂടി അച്ചടിച്ച്​ ജനങ്ങൾക്ക്​ വിതരണം ​ചെയ്ത പ്രകടന പത്രികയിലുള്ള കാര്യമാണ്​ കെ. റെയിൽ. ജനങ്ങൾക്ക്​ നൽകിയ വാഗ്ദാനം നടപ്പാക്കുക എന്നതല്ലാതെ വേറെ വഴിയൊന്നുമില്ല' -ദിവാകരൻ മീഡിയ വണിനോട്​ പറഞ്ഞു.

'കേരളത്തിന്‍റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നത്​ എല്ലാവരുടെയും ആവശ്യമാണ്​. ജനങ്ങൾക്കിടയിൽ ആശങ്കയുണ്ട്​ എന്നത്​ ശരിയാണ്​. മെഗാ പ്രൊജക്ട്​ നടപ്പാക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഒക്കെ കാണും. അതൊക്കെ നീക്കി പദ്ധതി നപ്പാക്കണമെന്ന്​ തന്നെയാണ്​ സി.പി.ഐയുടെ നിലപാട്​. രൂപരേഖ പുറത്തുവിടണമമെന്ന്​ സി.പി.ഐ സംസ്​​ഥാന കൗൺസിൽ ആവശ്യപ്പെട്ടതായി അറിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളെല്ലാം പരിഹരിക്കുമെന്ന്​ മുഖ്യമന്ത്രി ആവർത്തിച്ച്​ വ്യക്​​തമാക്കിയതാണ്​. ആശങ്ക ഉള്ളവരുമായി ഗവൺമെന്‍റ്​ ചർച്ച ചെയ്യും.

ഇപ്പോൾ​ കെ. റെയിലിനെ എതിർക്കുന്നവർ പദ്ധതിയെ കുറിച്ച്​ പ്രകടന പത്രികയിൽ പറഞ്ഞപ്പോൾ എതിർക്കണമായിരുന്നു. കേരളത്തിൽ നടപ്പാക്കാൻ കഴിയുന്നതല്ല ഇതെന്ന്​ അന്ന്​ തന്നെ ചൂണ്ടിക്കാണിക്കാമായിരുന്നു. അങ്ങനെ ഒരു വിമർശനം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പ്രകടന പത്രിക ജനങ്ങൾക്ക്​ നൽകുന്ന വാഗ്ദാനമാണ്​. അതിൽനിന്ന്​ ആർക്കും ഒളിച്ചോടാനാവില്ല.' -അദ്ദേഹം പറഞ്ഞു.

അതേസമയം, കെ. റെയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ സർക്കാർ പുറത്ത് വിടണമെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ ആവശ്യമുയർന്നു. അതുവരെ പരസ്യമായി തള്ളേണ്ട എന്ന നിലപാടാണ് സി.പി.ഐ എടുത്തിക്കുന്നത്. പദ്ധതിക്കെതിരെ സംസ്ഥാന കൗൺസിൽ യോഗത്തിൽ നിരവധി പ്രവർത്തകർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Tags:    
News Summary - CPI will support k rail says C Divakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.