സര്‍വ്വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ സി.പി.എം

തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വകക്ഷി സംഘത്തോട്‌ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിൽ സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു.
അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള നിവേദനമാണ്‌ പ്രധാനമന്ത്രിക്ക്‌ മുമ്പാകെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം നല്‍കിയത്‌. അതുകൊണ്ടുതന്നെ അനുഭാവപൂര്‍വ്വവും ഭരണഘടനാപരമായി സംസ്ഥാനത്തിന്‌ അര്‍ഹതപ്പെട്ടതുമായ തരത്തിലുള്ള അനുകൂല പ്രതികരണമാണ്‌ സംസ്ഥാനം പ്രതീക്ഷിച്ചത്‌. എന്നാല്‍ ഇക്കാര്യത്തില്‍ തികച്ചും നിഷേധാത്മകമായ നിലപാടാണ്‌ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്‌.

കേന്ദ്രവും സംസ്ഥാനവും പരസ്‌പര യോജിപ്പോടെ പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ രൂപപ്പെടുത്തിയ പദ്ധതിയാണ്‌ സ്റ്റ്യാറ്റിയൂട്ടറി റേഷന്‍ സംവിധാനം. ഭക്ഷ്യധാന്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പിൻെറ അടിസ്ഥാനത്തിലാണ്‌ നാണ്യവിളകളിലേക്ക്‌ കേരളം തിരിഞ്ഞത്‌. എന്നാല്‍ ആ ധാരണയില്‍ നിന്നും പിന്‍മാറുന്ന നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്‌. 

90കളില്‍ 24 ലക്ഷം മെട്രിക്‌ ടണ്‍ ഭക്ഷ്യധാന്യം കിട്ടിയിടത്ത്‌ 2016 ല്‍ 14.25 ലക്ഷം മാത്രമാണ്‌ കിട്ടിയത്‌. ജനസംഖ്യ ഉയര്‍ന്നു, കുടിയേറ്റ തൊഴിലാളികള്‍ വന്നു. ഇതിനൊക്കെ അനുസരിച്ച്‌ ഭക്ഷ്യവിഹിതം കൂട്ടുന്നതിനു പകരം അത്‌ കുത്തനെ വെട്ടിക്കുറയ്‌ക്കുന്ന സമീപനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ഇതിലൂടെ കേരളത്തിന്റെ റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന തികച്ചും ന്യായമായ ആവശ്യമാണ്‌ തിരസ്‌ക്കരിക്കപ്പെടുന്നത്‌.കേരളത്തിലെ പൊതുസ്ഥിതി വിലയിരുത്തുന്ന ആര്‍ക്കും കേരളം ഉന്നയിച്ച ആവശ്യം ന്യായമാണെന്ന്‌ വ്യക്തമാകും.

മുന്‍ഗണനേതര മേഖലയില്‍ 45 ലക്ഷം കുടുംബങ്ങളാണുള്ളത്‌. ഇത്‌ ജനസംഖ്യയുടെ 56 ശതമാനമാണ്‌. സംസ്ഥാനത്തിന്‌ പ്രതിമാസം ലഭ്യമാകുന്നത്‌ 33384 ടണ്‍ ഭക്ഷ്യധാന്യമാണ്‌. ഇത്‌ സമതുലിതമായി വീതിച്ചാല്‍ ഒരാള്‍ക്ക്‌ ഒരുമാസം ലഭിക്കുന്നത്‌ ഒന്നേമുക്കല്‍ കിലോ അരി മാത്രമാണ്‌. ഇതുകൊണ്ട്‌ എങ്ങനെയാണ്‌ ഭക്ഷ്യസുരക്ഷ സാധ്യമാവുക? മുന്‍ഗണനേതര മേഖലയിലെ വ്യക്തികള്‍ക്ക്‌ മാസം അഞ്ചുകിലോ അരിയെങ്കിലും നല്‍കണമെന്നത്‌ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ തന്നെ വ്യക്തമാക്കിയതാണ്‌. ഇത്‌ പ്രാവര്‍ത്തികമാക്കുന്നതിന്‌ സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതം ഉയര്‍ത്തേണ്ടത്‌ അനിവാര്യവുമാണ്‌. എന്നിട്ടും പുറംതിരിഞ്ഞ്‌ നില്‍ക്കുന്ന സമീപനമാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. 

കേരളത്തില്‍ നിലവിലുള്ള സംവിധാനത്തില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക്‌ റേഷന്‍ നല്‍കാനാവാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. ഇത്‌ പരിഹരിക്കാന്‍ കേന്ദ്രസംഭരണിയില്‍ നിന്ന്‌ കൂടുതല്‍ അരി ലഭിക്കേണ്ടതുണ്ട്‌ എന്ന ന്യായമായ കാര്യം മുന്നോട്ട്‌ വെച്ചപ്പോള്‍ അത്‌ പറ്റില്ലെന്ന നിഷേധാത്മക നിലപാടാണ്‌ പ്രധാനമന്ത്രി കൈക്കൊണ്ടത്‌. ഭക്ഷ്യകമ്മി ഉണ്ടായ പശ്‌ചാത്തലവും സ്‌റ്റാറ്റിയൂട്ടറി റേഷനിംഗ്‌ രൂപപ്പെട്ട സാഹചര്യവും ഒന്നും പരിഗണിക്കില്ല എന്ന നിലപാടാണ്‌ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. ഈ ഘട്ടത്തില്‍ സര്‍വ്വകക്ഷി സംഘം ഭക്ഷ്യധാന്യരംഗത്തെ പൊതുസ്ഥിതി അവലോകനം ചെയ്യണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. എന്നാല്‍, വിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ പുനഃപരിശോധിക്കാനാവൂയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ പ്രധാനമന്ത്രി ചെയ്‌തത്‌.

പാലക്കാട്‌ കോച്ച്‌ ഫാക്‌ടറി 1982 ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയതാണ്‌. പാലക്കാട്‌ ഡിവിഷന്‍ വെട്ടിമുറിയ്‌ക്കുന്ന തീരുമാനം നടപ്പിലാക്കുന്ന ഘട്ടത്തില്‍, ശക്തമായ സമ്മര്‍ദ്ദം കേരളത്തില്‍ നിന്ന്‌ ഉയര്‍ന്നുവരികയുണ്ടായി. ഈ സാഹചര്യത്തില്‍ 2008-09 ല്‍ അന്നത്തെ റെയില്‍വേ മന്ത്രി ഇതിന്റെ പുനഃപ്രഖ്യാപനം നടത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ റെയില്‍വേ ഇന്ത്യ ടെക്‌നിക്കല്‍ ആന്റ്‌ എക്കണോമിക്‌ സര്‍വ്വീസ്‌ സമര്‍പ്പിച്ച ഫീസിബിലിറ്റി റിപ്പോര്‍ട്ട്‌, സര്‍വ്വേ എന്നിവ നിര്‍ദ്ദേശിച്ച പ്രകാരം കേരളം കോച്ച്‌ ഫാക്‌ടറി സ്ഥാപിക്കാനായി 239 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുകയും അത്‌ റെയില്‍വേയ്‌ക്ക്‌ കൈമാറുകയും കേന്ദ്രമന്ത്രി ശിലാസ്ഥാപനം നടത്തുകയും ചെയ്‌തു. എന്നിട്ടും ഇപ്പോള്‍ കോച്ച്‌ ഫാക്‌ടറി സ്ഥാപിക്കാനാവില്ലെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌.


കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അനുകൂലമായ നിലപാട്‌ സ്വീകരിക്കാനും തയ്യാറായതുമില്ല. അങ്കമാലി- ശബരി പാതയുടെ കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ റെയില്‍വേക്ക്‌ നിര്‍ദ്ദേശം നല്‍കാം എന്നകാര്യമാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌. മഴക്കെടുതിയുടെ കാര്യത്തിലാവട്ടെ കേന്ദ്ര സംഘത്തെ അയക്കാമെന്ന കാര്യമാണ്‌ പറഞ്ഞത്‌. 

ജി.എസ്‌.ടിയും മറ്റും നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തിന്‌ പരിമിതമായിട്ടുള്ള സാമ്പത്തിക അവകാശങ്ങള്‍ പോലും ഇല്ലാതാക്കിയിരിക്കുന്ന സാഹചര്യത്തിലാണ്‌ സംസ്ഥാനത്തിന്റെ ഇത്തരം പ്രധാനപ്പെട്ട ആവശ്യങ്ങളുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്‌. ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട്‌ സംസ്ഥാനത്തിന്റെ വികസനത്തിനുമേല്‍ കരിനിഴല്‍ വീഴ്‌ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന ഇത്തരം നയങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്‌ തന്നെ പ്രതിസന്ധി സൃഷ്‌ടിക്കുന്നതാണ്‌.

ശക്തമായ കേന്ദ്രവും, സംതൃപ്‌തമായ സംസ്ഥാനങ്ങളും, പ്രാദേശിക സര്‍ക്കാരുകളായി ഉയരുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും എന്ന ഫെഡറല്‍ സംവിധാനത്തിന്റെ കാഴചപ്പാട്‌ ഉള്‍ക്കൊണ്ടുകൊണ്ട്‌ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഭരണഘടന വിഭാവനം ചെയ്‌ത തരത്തിലേക്ക്‌ രാജ്യത്തിന്‌ മുന്നോട്ടുപോകാനാവൂ. കേന്ദ്രം കാണിക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരായുള്ള പ്രതിഷേധം ശക്തിപ്പെടുത്തണമെന്ന്‌ സംസ്ഥാന കമ്മറ്റി മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.


 

Tags:    
News Summary - cpim state committee against pm modi- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.