പാലക്കാട്: ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കാൻ മൂന്നാം അങ്കത്തിന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പാലക്കാട്ടേക്ക് എത്തുന്നത് സി.പി.എമ്മിലെ അതിശക്തമായ നേതാവ് എന്ന നിലക്കാണ്. ജനകീയനായ യു.ഡി.എഫ് സ്ഥാനാർഥിയെ ഇടതുവേരോട്ടമുള്ള മണ്ണിൽ നിന്നുകൊണ്ട് തറപറ്റിക്കാൻ ശക്തനായ എതിരാളിയെ വേണമെന്ന നിലപാടായിരുന്നു പോളിറ്റ് ബ്യൂറോ അംഗത്തെ നിയോഗിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്.
മാത്രമല്ല, പഴയ കണക്കെടുത്താൽ ഒരു വൻജയത്തിന്റെ മേമ്പൊടി കൂടിയുണ്ട്, തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എ. വിജയരാഘവന്. 1989ൽ എസ്.എഫ്.െഎ അഖിലേന്ത്യാ പ്രസിഡന്റായിരിക്കെയാണ് എ. വിജയരാഘവൻ പാലക്കാട്ട് പോരിനിറങ്ങുന്നത്. രണ്ടുതവണ വിജയിച്ച അന്നത്തെ ഡി.സി.സി പ്രസിഡന്റ് വി.എസ്. വിജയരാഘവനായിരുന്നു എതിരാളി.
മലപ്പുറം ജില്ല കമ്മിറ്റി അംഗമായിരിക്കെയാണ് പാലക്കാട്ടേക്ക് എ. വിജയരാഘവന് മത്സരിക്കാൻ നറുക്കുവീഴുന്നത്. മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ, ശ്രീകൃഷ്ണപുരം, മലമ്പുഴ, കൊല്ലങ്കോട്, ആലത്തൂർ നിയമസഭ മണ്ഡലങ്ങളും ചിറ്റൂർ-തത്തമംഗലം, പാലക്കാട് നഗരസഭകളും ഉൾപ്പെട്ടതായിരുന്നു അന്നത്തെ പാലക്കാട് മണ്ഡലം. ഇതിൽ ആദ്യ നാലിടത്ത് യു.ഡി.എഫ് എം.എൽ.എമാരും മറ്റ് മൂന്നിടത്ത് എൽ.ഡി.എഫ് എം.എൽ.എമാരുമായിരുന്നു.
നഗരസഭകൾ രണ്ടും യു.ഡി.എഫിന് ഒപ്പം. ലോക്സഭ മണ്ഡലം പുനഃസംഘടനക്ക് മുമ്പ് നടന്ന മത്സരത്തിൽ കേരളത്തിലെ 18ൽ 16 മണ്ഡലങ്ങളിലും യു.ഡി.എഫ് തൂത്തുവാരിയപ്പോൾ പാലക്കാട്ട് എ. വിജയരഘവനിലൂടെയും വടകരയിലും മാത്രമായിരുന്നു അന്ന് എൽ.ഡി.എഫിന് ആശ്വാസജയം.
1826 വോട്ടുകൾക്കായിരുന്നു ജയം. തൊട്ടടുത്ത തവണ, 1991ൽ വാശിയോടെ രംഗത്തിറങ്ങിയ കോൺഗ്രസ് വി.എസ്. വിജയരാഘവനിലൂടെ തന്നെ പാലക്കാട് സീറ്റ് തിരിച്ചുപിടിച്ചു. രണ്ടാമൂഴത്തിനിറങ്ങിയ എ. വിജയരാഘവൻ തന്നെയായിരുന്നു എതിരാളി.
15,768 വോട്ടായിരുന്നു ഭൂരിപക്ഷം. മൂന്നാംം തവണ പാലക്കാട്ട് മത്സരിക്കാൻ എത്തുമ്പോൾ വിജയരാഘവൻ പാർട്ടിയുടെ ഉന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിൽ അംഗമാണ്. മണ്ഡല പുനഃക്രമീകരണശേഷം പാലക്കാട് ലോക്സഭ മണ്ഡലത്തിന്റെ ഘടനയിലും മാറ്റംവന്നു.
പട്ടാമ്പി മുതൽ പാലക്കാടുവരെയുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളാണിപ്പോൾ മണ്ഡലത്തിലുള്ളത്. മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി വിഭാഗീയതകൾ ഒന്നും പാർട്ടിയെ അലട്ടുന്നില്ല.
എം.ബി. രാജേഷിനേറ്റ പരാജയത്തെത്തുടർന്ന് നടപടികളിലൂടെ താഴേത്തലം വരെ ‘ശുദ്ധീകരിക്ക’പ്പെട്ടത് പാർട്ടിക്ക് ആവേശം പകരുന്നുണ്ട്. കൂടുതൽ ശക്തമായ പാർട്ടിക്ക് കരുത്തുറ്റ നേതാവിനെയാണ് കിട്ടിയതെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.
പാലക്കാട്: അന്തിമ സ്ഥാനാർഥി പട്ടികയാവുന്നതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പൊടിപാറും പോരാട്ടത്തിനാണ് ആലത്തൂരിൽ കളമൊരുങ്ങുന്നത്. സിറ്റിങ് സീറ്റിൽ കരുത്തുകാട്ടാൻ കോൺഗ്രസിന്റെ രമ്യ ഹരിദാസ് കളത്തിലിറങ്ങുമ്പോൾ മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ. രാധാകൃഷ്ണനേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയില്ല എന്ന കണക്കുകൂട്ടലിലാണ് സി.പി.എം. കഴിഞ്ഞതവണ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റിൽ ഇക്കുറി സ്വന്തം സ്ഥാനാർഥിയെ ഇറക്കുന്ന ബി.ജെ.പിക്കും പ്രതിക്ഷയേറെയാണ്.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ പേര് മാസങ്ങള്‍ക്കുമുമ്പേ മണ്ഡലത്തില്‍ പറഞ്ഞുകേട്ടിരുന്നു.
എ.കെ. ബാലന്, ഭാര്യ പി.കെ. ജമീല എന്നിവരുടെ പേരുകൾ ഉയർന്നെങ്കിലും രാധാകൃഷ്ണന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പാലക്കാട്, തൃശൂർ സെക്രേട്ടറിയറ്റ് യോഗങ്ങളിൽ ഏകകണ്ഠേനയായിരുന്നു അഭിപ്രായം.
2019ല്‍ രമ്യ ഹരിദാസ് 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഹാട്രിക് ലക്ഷ്യമിട്ട് വന്ന പി.കെ. ബിജുവിനെ പിന്നിലാക്കിയായിരുന്നു നേട്ടം.
കഴിഞ്ഞതവണ അപ്രതീക്ഷിതമായി തോറ്റ മണ്ഡലം എന്തു വിലകൊടുത്തും തിരിച്ചുപിടിക്കുക എന്നതാണ് മണ്ഡലത്തില്‍നിന്നുള്ള നേതാവായ രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. പാലക്കാട്, തൃശൂര്‍ ജില്ലകളിലായുള്ള ആലത്തൂരിന്റെ ഭാഗമായ ചേലക്കര നിയമസഭ മണ്ഡലമാണ് അടുപ്പമുള്ളവരെല്ലാം സ്നേഹത്തോടെ ‘രാധനെ’ന്ന് വിളിക്കുന്ന കെ. രാധാകൃഷ്ണന്റെ തട്ടകം.
നിയമസഭയിലെത്തി പട്ടികജാതി-പട്ടികവര്‍ഗ വികസനം, പിന്നാക്ക വിഭാഗ വികസനം, ദേവസ്വം, പാര്‍ലമെന്ററികാര്യം വകുപ്പ് മന്ത്രിയാണ് നിലവിൽ.
എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കെ. രാധാകൃഷ്ണന് ശ്രീകേരളവര്‍മ കോളജ് യൂനിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ കമ്മിറ്റി സെക്രട്ടറി, തൃശൂര്‍ ജില്ല സെക്രേട്ടറിയറ്റംഗം എന്നീ നിലകളിലും ഡി.വൈ.എഫ്.ഐ ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രന്ഥശാല സംഘം, സമ്പൂർണ സാക്ഷരതായജ്ഞം എന്നിവയിലും സജീവ പ്രവര്‍ത്തകനായിരുന്നു. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍നിന്നും തൃശൂര്‍ ജില്ല കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പത്താം കേരള നിയമസഭയില്‍ (1996-2001) ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമം, യുവജനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. 2001-2006ല്‍ കാലയളവില്‍ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.
2006-2011ല്‍ നിയമസഭ സ്പീക്കറായി സേവനമനുഷ്ഠിച്ചു. 2011-2016 കാലത്തും ചേലക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു. സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറിയായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റിയംഗമാണ്. കൂടാതെ, ദലിത് ശോഷന്‍ മുക്തി മഞ്ച് (ഡി.എസ്.എം.എം) ദേശീയ പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. ചേലക്കര, തോന്നൂര്‍ക്കര, വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടേയും ചിന്നമ്മയുടേയും മകനാണ്. 1964 മാർച്ച് 24ന് ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്തായിരുന്നു ജനനം. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ക്ലീന്‍ ഇമേജ് തന്നെയാണ് രാധാകൃഷ്ണന്റെ കൈമുതൽ.
മണ്ഡലത്തിൽ സാധാരണക്കാരിയായി സാന്നിധ്യം ഉറപ്പിച്ച രമ്യ ഹരിദാസിന് രാധാകൃഷ്ണന്റെ ജനകീയതകൊണ്ട് ചെക്ക് പറയാമെന്നാണ് സി.പി.എം കണക്കൂകൂട്ടലെന്ന് വ്യക്തം.
പെരിങ്ങോട്ടുകുറുശ്ശി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഏതു മുന്നണിയെ പിന്തുണക്കണമെന്ന് തീരുമാനിക്കാൻ മുൻ എം.എൽ.എയും വിമത കോൺഗ്രസ് നേതാവുമായ എ.വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ യോഗം ചേരുന്നു.
പെരിങ്ങോട്ടു കുറുശ്ശി പഞ്ചായത്തിലെ 16 വാർഡുകളിലും യോഗം വിളിച്ചു ചേർക്കാനാണ് തീരുമാനം. സി.പി.എമ്മുമായി സൗഹൃദത്തിലുള്ള എ.വി. ഗോപിനാഥ് നിലവിലെ ആലത്തൂർ മണ്ഡലം എം.പി രമ്യ ഹരിദാസുമായി നല്ല ബന്ധത്തിലല്ല.
കഴിഞ്ഞ അഞ്ചുവർഷം എം.പിഫണ്ടിൽനിന്നും ഒരു പദ്ധതിയും പെരിങ്ങോട്ടുകുറിശ്ശിയിലേക്ക് അനുവദിച്ചിട്ടില്ലെന്നും ഒരുരൂപയുടെ സഹായം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിന് എം.പിഫണ്ടിൽനിന്നും ലഭിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള ഒരു വ്യക്തിയെ വീണ്ടും പിന്തുണക്കുന്നത് ശരിയല്ലെന്നുമാണ് എ.വി. ഗോപിനാഥ് പറയുന്നത്.
രാഷ്ട്രീയമോ കക്ഷിയോ ഏതുമാകട്ടെ, പക്ഷെ ജനങ്ങൾ വോട്ടു ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധികൾ വികസനകാര്യത്തിൽ വിവേചനം കാണിക്കുന്നത് ഒട്ടും യോജിക്കാനാവാത്തതാണെന്നും, ഇത്തവണ ആലത്തൂർ മണ്ഡലത്തിൽ ആരെ പിന്തുണക്കണമെന്നത് പ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഓരോ വാർഡുകളിലും യോഗം ചേരുന്നുണ്ടെന്നും ഗോപിനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.