നടപടി ഉടനില്ല, ദിവ്യയെ പിന്തുണച്ച് സി.പി.എം; ജില്ലാ സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയായില്ല

കണ്ണൂർ: ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല. ഇന്ന് ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യാതെ പിരിയുകയായിരുന്നു. പാർട്ടി ഏരിയ സമ്മേളനങ്ങളെ കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. നടപടി സ്വീകരിക്കാതിരിക്കുന്നതോടെ ദിവ്യക്ക് ഇനിയും പാർട്ടി തലത്തിൽ സംരക്ഷണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലാണ് പി.പി. ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത്നിന്ന് നീക്കിയെങ്കിലും ദിവ്യക്കെതിരെ പാർട്ടി തലത്തിൽ നടപടിയെടുത്തിരുന്നില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് തന്നെയാണ് വലിയ നടപടി എന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം കരുതുന്നത്.

നവീൻ ബാബുവിന്‍റെ മരണം സംഭവിച്ച് രണ്ടാഴ്ചയായിട്ടും ചോദ്യം ചെയ്യാൻ പോലും തയാറാകാതിരുന്ന പൊലീസ്, മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് ദിവ്യക്ക് നേരെ നീങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരം പൊലീസിൽ ദിവ്യ കീഴടങ്ങിയത്. കസ്റ്റഡിയിലെടുത്ത പൊലീസ് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്തു.

ഒക്ടോബർ 15നാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബു പള്ളിക്കുന്നിലെ ക്വാ​ർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തി കേസെടുത്തതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിൽ പോവുകയായിരുന്നു.

Tags:    
News Summary - CPM in support PP Divya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.