ജയരാജന്‍റെ രാജി: നിർണായക സെക്രട്ടേറിയേറ്റ് യോഗം പുരോഗമിക്കുന്നു

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുരോഗമിക്കുന്നു. വ്യവസായമന്ത്രി ഇ.പി ജയരാജനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ഇന്ന് ചേരുന്ന സെക്രട്ടേറിയേറ്റാണ് അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമന വിവാദത്തില്‍ മുഖം രക്ഷിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്നതായിരിക്കും യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ശക്തമായ തിരുത്തല്‍ നടപടി എടുക്കാനാണ് കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

യോഗത്തിൽ ഇ.പി. ജയരാജനും പങ്കെടുക്കുന്നുണ്ട്. പാർട്ടി തീരുമാനം എന്തു തന്നെയായാലും അത് അംഗീകരിക്കുമെന്ന് ഇ.പി ജയരാജൻ അറിയിച്ചു.

വ്യാഴാഴ്ച എ.കെ.ജി സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. തീരുമാനം പാര്‍ട്ടി എടുക്കട്ടെയെന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയൊന്നും നടന്നില്ല. യോഗത്തിനിടെ തന്‍റെ നിലപാട് വിശദീകരിക്കാന്‍ മുതിര്‍ന്ന ജയരാജനെ മുഖ്യമന്ത്രി തടയുകയായിരുന്നു.

വ്യവസായ വകുപ്പ് ജയരാജനില്‍ നിന്ന് മാറ്റുന്നതും യോഗത്തിന്‍റെ പരിഗണനയിലുണ്ടെങ്കിലും രാജിയാവശ്യത്തിന് തന്നെയാണ് മുൻതൂക്കം. ഇതുവരെ സംസ്ഥാന നേതൃത്വത്തിലെ ആരുടെയും പിന്തുണ നേടാൻ ജയരാജന് കഴിഞ്ഞിട്ടില്ല. വിവാദത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയ കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയും സെക്രട്ടേറിയറ്റിന്‍റെ വിമര്‍ശം നേരിടും.

Tags:    
News Summary - cpm secretariate started, will decide jayarajans resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.