പാലക്കാട്: സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരമിരിക്കുന്ന ആശമാരുടെ സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് പിന്നെ ജോലിയുണ്ടാകില്ലെന്ന് സി.പി.എം ഭീഷണി.
കണ്ണാടി ഗ്രാമപഞ്ചായത്തിൽനിന്ന് കുറച്ചുപേർ സമരത്തിൽ പങ്കെടുക്കാൻ പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ പേരും ഫോൺ നമ്പറും നൽകണമെന്നും ഇവർക്ക് പിന്നെ ആശമാരായി ജോലി കാണില്ലെന്നുമാണ് വാട്സ്ആപ് ശബ്ദസന്ദേശത്തിലൂടെ സി.പി.എം പേഴുംപള്ളം മുല്ലേരി ലോക്കൽ കമ്മിറ്റി അംഗവും ആശാ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന ജോയന്‍റ് സെക്രട്ടറിയുമായ രമണി ഭീഷണി മുഴക്കിയത്. ആശാ പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയിൽ രണ്ടു ദിവസം മുമ്പാണ് സന്ദേശം പങ്കുവെച്ചത്.
സമരത്തിനു പോകുന്ന ആശമാരുടെ വിവരങ്ങൾ കൈമാറുമെന്നും അവരെ മന്ത്രിതലത്തിൽ ഇടപെട്ട് ഒഴിവാക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും രാഷ്ട്രീയ കളിയാണ് സമരമെന്നും അതിൽ വീണുപോയാൽപിന്നെ ആശാ വർക്കറായി തുടരില്ലെന്നും പറയുന്നുണ്ട്.
ആശമാർക്ക് ഓണറേറിയം കൂട്ടാൻ യു.ഡി.എഫ്
തിരുവനന്തപുരം: യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടാൻ നീക്കം. 2000 രൂപ അധികമായി നൽകാനാണ് ആലോചന. പത്തനംതിട്ടയിലെ വെച്ചൂച്ചിറ, തൃശൂരിലെ പഴയന്നൂർ പഞ്ചായത്തുകളിൽ ആശമാർക്ക് 2000 അധികമായി നൽകാൻ തീരുമാനമായി. ഇതിന് പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിക്കും.
ഒരു രൂപ പോലും കൂട്ടി നൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ച സര്‍ക്കാറിന് ഇത് തിരിച്ചടിയാണ്. വെച്ചൂച്ചിറയിൽ അധിക ഓണറേറിയത്തിന് അഞ്ചുലക്ഷം രൂപയും പഴയന്നൂരിൽ എട്ട് ലക്ഷം രൂപയുമാണ് ബജറ്റിൽ നീക്കിവെച്ചത്. ഇത നടപ്പിൽവരണമെങ്കിൽ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ല ആസൂത്രണസമിതിയുടെ അംഗീകാരം വേണം.
പഞ്ചായത്തിന്റെ സ്വന്തം ഫണ്ടായതിനാൽ എതിർപ്പുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഭരണത്തിലിരിക്കുന്ന പഞ്ചായത്തുകളിൽ എല്ലാം ഇത് നടപ്പാക്കാനാണ് യു.ഡി.എഫ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.