ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാനചലനം: കാരണം നടിയെ ആക്രമിച്ച കേസിലെ അമിത ഇടപെടൽ?

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്‍റെ സ്ഥാനചലനത്തിന് പിന്നിൽ നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ അമിത ഇടപെടലാണെന്ന സംശയം ശക്തമാകുന്നു. കേസ് അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കവെയാണ് ശ്രീജിത്തിനെ പൊലീസ് സേനയുമായി ബന്ധമില്ലാത്ത ട്രാൻസ്പോർട്ട് കമീഷണറാക്കിയത്. പകരം മുമ്പ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം വഹിച്ച ഷെയ്ഖ് ദർവേശ് സാഹിബിനെ നിയമിച്ചതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ, പ്രതി ദിലീപിന്‍റെ അഭിഭാഷകൻ ആരോപണം ഉന്നയിച്ചിരുന്നു. ഫയർഫോഴ്സ് മേധാവിയും ഡി.ജി.പിയുമായ ബി. സന്ധ്യയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായ എസ്. ശ്രീജിത്തും പ്രതി ദിലീപിനും പ്രതിഭാഗം അഭിഭാഷകർക്കും എതിരെ ബോധപൂർവം കേസുകൾ കെട്ടിച്ചമക്കുന്നതായാണ് പ്രതിഭാഗം അഭിഭാഷകൻ ഫിലിപ് ടി. വർഗീസ് പരാതിപ്പെട്ടത്.

സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ് പരാതി നൽകിയത്. സൈബർ വിദഗ്ധനായ സായ്ശങ്കറിന്‍റെ വിചാരണ നടപടി അട്ടിമറിക്കാൻ എ.ഡി.ജി.പി ശ്രീജിത്ത്, സംവിധായകൻ ബാലചന്ദ്രകുമാറിനെ ഉപയോഗിച്ചതായി ഫിലിപ് ടി. വർഗീസ് പരാതിപ്പെട്ടിരുന്നു. കേസന്വേഷണം പുരോഗമിക്കവെയാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സർക്കാർ തീരുമാനം വന്നിരിക്കുന്നത്.

മുമ്പ് ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശി ആഭ്യന്തരവകുപ്പിന്‍റെ പ്രവർത്തനങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. പിണറായി വിജയന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയായി അദ്ദേഹം ഇപ്പോൾ എത്തി ദിവസങ്ങൾക്കുള്ളിൽ പൊലീസിന്‍റെ തലപ്പത്ത് വന്ന പ്രധാന മാറ്റങ്ങളും ഇ​േപ്പാൾ ചർച്ചയാകുകയാണ്. 

Tags:    
News Summary - Crime Branch Chief's Relocation: Excessive Intervention in the Case of Attacking the Actress?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.