കോഴ കേസിൽ കെ. ​സു​രേ​ന്ദ്ര​ന് വീണ്ടും നോട്ടീസ്; മൊബൈൽ ഫോൺ ഹാജരാക്കണമെന്ന് നിർദേശം

കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.​എ​സ്‌.​പി സ്ഥാ​നാ​ർ​ഥി​ക്ക്​ കോഴ നൽകി സ്​ഥാനാർഥിത്വം പിൻവലിപ്പിച്ചുവെന്ന കേസിൽ പ്രതിയായ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. ​സു​രേ​ന്ദ്ര​ന് വീണ്ടും ക്രൈം​ബ്രാ​ഞ്ച്​ നോട്ടീസ്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോൺ ഒരാഴ്ചക്കകം ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ നേരത്തെ സുരേന്ദ്രനെ ക്രൈം​ബ്രാ​ഞ്ച്​ ചോദ്യം ചെയ്​തിരുന്നു. അന്ന് ഫോണിനെ കുറിച്ച് ചോദിച്ചിരുന്നെങ്കിലും നഷ്ടപ്പെട്ടെന്നാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. എന്നാൽ, ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സുരേന്ദ്രൻ അതേ ഫോൺ തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിരുന്നു.

എതിർ സ്ഥാനാർഥി സുന്ദര മത്സരത്തിൽ നിന്ന് പിന്മാറുന്നതിനായി രേഖകൾ തയാറാക്കിയ ഹോട്ടലിൽ താൻ താമസിച്ചിരുന്നില്ലെന്നാണ് സുരേന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ, രേഖകൾ തയാറാക്കാൻ സുന്ദര എത്തിയ ഹോട്ടലിൽ സുരേന്ദ്രൻ നിരവധി തവണ എത്തിയതായും എതിർ സ്ഥാനാർഥിയുമായി സംസാരിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്‍റെ മൊഴിയിൽ വ്യത്യാസമുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത്​ സ്​ഥാനാർഥിയായിരുന്നു കെ. സുരേന്ദ്രൻ. ത​ന്‍റെ പേരിനോട്​ സാമ്യമുള്ള ബി.​എ​സ്‌.​പി സ്ഥാ​നാ​ർ​ഥി​ കെ. സുന്ദര തനിക്ക്​ അപരനാവുമെന്ന കണക്കുകൂട്ടലിലാണ്​ അദ്ദേഹത്തോട സ്​ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടത്​. ഇതിനായി ര​ണ്ട​ര ല​ക്ഷം രൂ​പ കോ​ഴ ന​ൽ​കി​യെന്നാണ്​ കേസ്​.

കെ. ​സു​ന്ദ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ കാ​സ​ർ​കോ​ട്‌ ചീ​ഫ്‌ ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ സു​രേ​ന്ദ്ര​നെ ഒ​ന്നാം പ്ര​തി​യാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കു​റ്റ​ത്തി​ന്‌ കേ​സെ​ടു​ത്ത​ത്‌. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ 15 ല​ക്ഷം രൂ​പ​യും വീ​ടും ക​ർ​ണാ​ട​ക​യി​ൽ വൈ​ൻ ഷോ​പ്പും വാ​ഗ്‌​ദാ​നം ചെ​യ്‌​തു​വെ​ന്നാ​യി​രു​ന്നു സു​ന്ദ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

മാ​ർ​ച്ച്‌ 21ന്‌ ​രാ​വി​ലെ സ്വ​ർ​ഗ വാ​ണി​ന​ഗ​റി​ലെ സു​ന്ദ​ര​യു​ടെ വീ​ട്ടി​ലെ​ത്തി​യ ബി.​ജെ.​പി നേ​താ​ക്ക​ൾ സു​ന്ദ​ര​യെ പൈ​വ​ളി​ഗെ ജോ​ഡ്‌​ക്ക​ല്ലി​ലെ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​റ്റി ഓ​ഫി​സി​ലെ​ത്തി​ച്ച്​ ത​ട​ങ്ക​ലി​ൽ വെ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ഞാ​യ​റാ​ഴ്‌​ച ആ​യ​തി​നാ​ൽ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നാ​യി​ല്ല. സു​ന്ദ​ര​യെ വീ​ട്ടി​ലെ​ത്തി​ച്ച ബി.​ജെ.​പി നേ​താ​ക്ക​ൾ ര​ണ്ട​ര ല​ക്ഷം രൂ​പ​യും സ്‌​മാ​ർ​ട്ട്‌ ഫോ​ണും ന​ൽ​കി. മാ​ർ​ച്ച്‌ 22ന്‌ ​കാ​സ​ർ​കോ​ട്‌ താ​ളി​പ്പ​ടു​പ്പി​ൽ കെ. ​സു​രേ​ന്ദ്ര​ൻ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ൽ മു​റി​യി​ൽ വെ​ച്ചാ​ണ്‌ പ​ത്രി​ക പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ​യി​ൽ ഒ​പ്പു​വെ​പ്പി​ച്ച​ത്.  

Tags:    
News Summary - Crime branch Notice to K Surendran in Election Bribery Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.