കസ്റ്റഡി കൊലപാതകം: കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജനകീയ പ്രതിരോധ സമിതി

കൊച്ചി: തൃപ്പൂണിത്തുറയിലെ കസ്റ്റഡി കൊലപാതകത്തിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജനകീയ പ്രതിരോധ സമിതി. കൊളോണിയൽ കാലഘട്ടത്തിലെ കാഴ്ചപ്പാടിൽ നിന്ന് പൊലീസ് ഇന്നും മുക്തമായിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവമാണ് തൃപ്പൂണിത്തുറയിലെ കസ്റ്റഡി മരണം. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട നിയമപാലകർ തന്നെ നിയമ ലംഘകരായി മാറുന്നത് രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ താല്പര്യമനുസരിച്ചാണ്. 

ക്രമസമാധാനപാലനം നടത്തേണ്ട പൊലീസിനോട്‌ നികുതിദായകർക്ക് പിഴ ചുമത്തി 1000 കോടി രൂപ അടിയന്തിരമായി ഖജനാവിൽ എത്തിക്കാൻ നിർദേശിച്ച സംസ്ഥാന സർക്കാർ കൊള്ളക്കാരുടെ ശൈലിയാണ് അനുവർത്തിക്കുന്നത്. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ പ്രാകൃത ഭരണശൈലി ജനവിരുദ്ധമായിരിക്കുന്നതുപോലെ ഉദ്യോഗസ്ഥ വിരുദ്ധവുമാണ്. നിയമം ലംഘിക്കാൻ സർക്കാർതന്നെ സ്വന്തം ജീവനക്കാരെ നിർബന്ധിക്കുന്ന വിചിത്രമായ സ്ഥിതിയാണിത്.

ലക്ഷ്യംതികക്കാനുള്ള പരക്കം പാച്ചിലിൽ നിയമങ്ങൾ കാറ്റിൽപ്പറത്താനും ജനങ്ങളുടെ സമാധാന ജീവിതത്തെപ്പോലും ഹനിക്കാനും ഉദ്യോഗസ്ഥർ മടിക്കാത്ത സ്ഥിതിയിലാണ്. ഭീഷണമായ ഈ ദുരവസ്ഥയുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുത്തേ മതിയാവൂ. മോഡി സർക്കാർ കേന്ദ്രത്തിൽ പിന്തുടരുന്ന അതേ നയങ്ങൾ തന്നെയാണ് സംസ്ഥാനത്തെ സർക്കാരും സ്വീകരിച്ചു കാണുന്നത് എന്നത് അത്യന്തം വിചിത്രവും അപലപനീയവുമാണ്.

ഭരണകൂടം നിയമലംഘനവും അഴിമതിയും നടത്തുമ്പോൾ അതിനെതിരെ പ്രക്ഷോഭം നടത്തേണ്ടത് പൗരന്മാരുടെ വിശുദ്ധ ദൗത്യമാണെന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ വാക്കുകൾ പാലിക്കേണ്ട സംഘർഷ മുഹൂർത്തമാണ് സർക്കാരും ഉദ്യോഗസ്ഥരും കൂടി ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.

അതിനാൽ, സർക്കാരിന്റെ ജനവിരുദ്ധമായ നയങ്ങൾക്കും നടപടികൾക്കുമെതിരെ ജനാധിപത്യ വിശ്വാസികളായ മുഴുവൻ പേരും സമാധാനപരമായ ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗത്ത് അണിനിരക്കണമെന്ന പ്രഫ. കെ. അരവിന്ദാക്ഷൻ, ഡോ.എം.പി. മത്തായി, ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, അഡ്വ. സി.ആർ.നീലകണ്ഠൻ, പ്രൊഫ. സൂസൻ ജോൺ, ടി.ഡി.സ്റ്റീഫൻ, പ്രൊഫ. ജോർജ് ജോസഫ്, ഫാ. അഗസ്റ്റിൻ വട്ടോളി, ഫ്രാൻസിസ് കളത്തിങ്കൽ, ഹാഷിം ചെന്ദമ്പിള്ളി, ജബ്ബാർ മേത്തർ, കെ എസ് ഹരികുമാർ , ഷാൻ കെ ഓ സി.കെ.ശിവദാസൻ, കെ.പി.സാൽവിൻ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Custodial murder: People's Defense Committee calls for exemplary punishment for culprits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.