അനിൽ ആന്‍റണിക്കെതിരായ രേഖകൾ പുറത്തുവിട്ട് ദല്ലാൾ നന്ദകുമാർ; 10 ലക്ഷം വാങ്ങിയത് ശോഭ സുരേന്ദ്രൻ

ന്യൂഡൽഹി: സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്‍റണിക്കെതിരായ ആരോപണം ആവർത്തിച്ച് ദല്ലാൾ നന്ദകുമാർ. അനിൽ ആന്‍റണിക്ക് 25 ലക്ഷം രൂപ കൈമാറിയ കവറിന്‍റെ ചിത്രവും നന്ദകുമാർ പുറത്തുവിട്ടു. ഒരു ഡ്യൂട്ടിഫ്രീ ഷോപ്പിന്‍റെ കവറിൽ 25 ലക്ഷം കൈമാറിയെന്നാണ് നന്ദകുമാർ നേരത്തെ പറഞ്ഞിരുന്നത്. ഇതിന്‍റെ ചിത്രമാണ് പുറത്തുവിട്ടത്.

സ്റ്റാന്‍റിങ് കൗൺസിൽ ഇന്‍റർവ്യൂ കോൾ ലെറ്ററിന്‍റെ പകർപ്പ് കൈവശമുണ്ട്. നിയമനം നടക്കാതെ വന്നപ്പോൾ അഞ്ച് തവണയായി പണം തിരികെ നൽകി. പണമിടപാടിൽ ആൻഡ്രൂസ് ആന്‍റണി എന്നയാൾ ഇടനിലക്കാരാനായിരുന്നു. അനിൽ ആന്‍റണിയുടെ അടുപ്പക്കാരാനാണ് ആൻഡ്രൂസ് എന്നും നന്ദകുമാർ വ്യക്തമാക്കി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനിലിനുമൊപ്പം ആൻഡ്രൂസ് നിൽക്കുന്ന ചിത്രവും നന്ദകുമാർ പുറത്തുവിട്ടു. 

നന്ദകുമാർ പുറത്തുവിട്ട ബാങ്ക് രസീതിന്‍റെ പകർപ്പ്

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ ബി.ജെ.പി നേതാവും ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രനാണ് കൈപ്പറ്റിയതെന്ന് നന്ദകുമാർ വെളിപ്പെടുത്തി. 2023 ജനുവരി നാലിന് ഡൽഹി പാർലമെന്‍റ് സ്ട്രീറ്റിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് ശോഭന എന്ന അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്ന് വ്യക്തമാക്കിയ നന്ദകുമാർ, ബാങ്ക് രസീതിന്‍റെ പകർപ്പ് പുറത്തുവിടുകയും ചെയ്തു.

ശോഭ എന്ന പേരിലുള്ള ആൾ ശോഭന സുരേന്ദ്രനാണ്. പല തവണ ആവശ്യപ്പെട്ടിട്ടും 10 ലക്ഷം രൂപ ശോഭ തിരികെ നൽകിയില്ല. ശോഭയുമായി അടുത്തുബന്ധമുള്ള കേന്ദ്രങ്ങൾ തന്നെ സമീപിക്കുകയും പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് പേര് പുറത്തുവിടുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി.

ശോഭ സുരേന്ദ്രന്‍റെ ഫോട്ടോ പതിപ്പിച്ച ആധാരവുമായി ബന്ധപ്പെട്ട ഭൂമിയിടപാടിനാണ് പണം നൽകിയത്. തന്‍റെ ആരോപണം നിഷേധിച്ചാൽ ശോഭക്കെതിരായ കൂടുതൽ രേഖകൾ പുറത്തുവിടും. ഭൂമിയിടപാടിൽ കരാർ ഉണ്ടായിരുന്നില്ലെന്നും ശോഭ നേരിട്ടു വിളിച്ചിരുന്നതായും നന്ദകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്റെ കൈയിൽ നിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദകുമാറിന്‍റെ ആരോപണം. ആരോപണം അനിൽ ആന്റണി നിഷേധിച്ച സാഹചര്യത്തിൽ തെളിവ് പുറത്തു​വിടുമെന്നും നന്ദകുമാർ വ്യക്തമാക്കിയിരുന്നു. അനിൽ ആന്റണി വലിയ ദല്ലാളാണ്. ഡിഫൻസ് മിനിസ്റ്റർ പദവി, യു.പി.എ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഇടനിലക്കാരനാണ് അനിൽ ആന്റണി.

തനിക്ക് പണം തിരിച്ച് നൽകാൻ പി.ജെ. കുര്യനും പി.ടി. തോമസും ഇടപ്പെട്ടിരുന്നു. പി.ജെ. കുര്യൻ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരികെ കിട്ടിയത്. 2014ൽ എൻ.ഡി.എ സർക്കാർ വന്നപ്പോൾ സി​.ബി.ഐക്ക് താൻ പരാതി നൽകാനിരുന്നതായിരുന്നു. കുര്യൻ തന്നെ തടഞ്ഞു. അന്ന് പണം തിരികെ ലഭിച്ചതു കൊണ്ടാണ് പരാതി നൽകാതിരുന്നത്. ഈ വിഷയത്തിൽ, പത്തനംതിട്ടയിൽ സ്വന്തം ചിലവിൽ സംവാദത്തിന് തയാറാണെന്നും നന്ദകുമാർ പറഞ്ഞിരുന്നു.

2013 ഏപ്രിലിൽ ഡൽഹി അശോക ഹോട്ടലിൽവെച്ചാണ് പണം കൈമാറിയതെന്നാണ് നന്ദകുമാർ പറഞ്ഞിരുന്നത്. സി.ബി.ഐ. ഡയറക്ടറായിരുന്ന രഞ്ജിത്ത് സിൻഹക്ക് കൈമാറാനാണ് അനിലിന് പണം കൊടുത്തത്. എന്നാൽ, നിയമനം ലഭിക്കാതെ വന്നതോടെ, പണം തിരികെനൽകാൻ അനിൽ തയാറായില്ല. പി.ജെ. കുര്യനോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, പി.ടി. തോമസ് ഇടപെട്ടിട്ടാണ് അഞ്ചു ഗഡുക്കളായി പണം ലഭിച്ചത്. എൻ.ഡി.എ. മന്ത്രിസഭ വന്നപ്പോൾ, പരാതി കൊടുക്കാൻ ശ്രമിച്ചിരുന്നു. ആവേളയിൽ പി.ജെ. കുര്യനാണ് പിന്തിരിപ്പിച്ചത്.

രഞ്ജിത്ത് സിൻഹയുടെ നിയമനത്തിലും അനിൽ ആന്റണിക്ക് പങ്കുണ്ട്. യു.പി.എ. സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ, ഒബ്രോയ് ഹോട്ടൽ കേന്ദ്രീകരിച്ച് അറിയപ്പെടുന്ന ദല്ലാളായിരുന്നു അനിൽ. എ.കെ. ആന്റണിയുടെ ഔദ്യോഗിക വസതിയിലെ ഓഫീസിൽ നിന്ന് ആയുധകരാറിന്‍റെ രേഖകൾ ഉൾപ്പെടെ പുറത്തുവിട്ടു. ആന്റണിയുടെ വീട്ടിൽവെച്ചും അനിൽ ഇടപാടുകൾ നടത്തി. ഈ വിഷയത്തിൽ, അന്വേഷണം തുടങ്ങിയപ്പോഴാണ് പിടിക്കപ്പെടാതിരിക്കാനായി ബി.ജെ.പിയിൽ ചേർന്നതെന്നാണ് നന്ദകുമാറിന്റെ ആക്ഷേപം.

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായിട്ടുള്ള ബി‍.ജെ.പിയുടെ തീപ്പൊരി നേതാവ് തന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ അക്കൗണ്ടിൽ വാങ്ങിയിട്ടുണ്ടെന്നും നന്ദകുമാർ ആരോപിച്ചിരുന്നു. 

Tags:    
News Summary - Dallal Nandakumar against Anil Antony; Pictures and documents released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.