ബധിരനും മൂകനുമായ ഒരാള്‍ ആശുപത്രിയില്‍ ചെന്നാല്‍ എന്തുചെയ്യും...?അയാള്‍/അവള്‍ എങ്ങനെ ഡോക്ടറോട് രോഗം പറയും...? ബധിരരും മൂകരുമായ ദമ്പതികള്‍ക്ക് അതു രണ്ടുമല്ലാത്തൊരു കുഞ്ഞ് പിറന്നാല്‍ എങ്ങനെ അവര്‍ കുഞ്ഞിനെ വളര്‍ത്തും...?അവരുടെ മുന്നിലെ പ്രശ്നങ്ങള്‍ അങ്ങനെ നീളുകയാണ്..എന്നിട്ടും അവര്‍ സി.ഡി ഷോപ്പുകളില്‍വന്ന് നല്ല പാട്ടിന്‍െറ കളക്ഷനുകള്‍ ചോദിക്കുന്നു... തിയറ്ററില്‍ വന്ന് നിശബ്ദമായി സിനിമ കണ്ടാനന്ദിക്കുന്നു...
എഴുന്നേറ്റു നടക്കാന്‍ കഴിയാത്തവര്‍ക്ക് വീല്‍ ചെയര്‍ സൗഹൃദ പാതയൊരുക്കിയാണ് നമ്മള്‍ അവരെ ഒപ്പമത്തെിച്ചത്. അതുപോലെ ബധിരരും മൂകരുമായവര്‍ക്കും സൗഹൃദമാകുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ എന്തു ചെയ്യാന്‍ പറ്റും...
ടി. ജുവിന്‍ എഴുതിയ എഫ്.ബി കുറിപ്പ് ചില ഉത്തരങ്ങള്‍ തേടുന്നു...
രാവിലെ കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റ് വരുമ്പോഴാണ് കണ്ടത്. മുറ്റമടിച്ചുകൊണ്ടിരുന്ന മകൾ ഒരു പയ്യനെ കണ്ണടച്ചുകാണിക്കുന്നു. അവൻ സ്വന്തം കൈവെള്ളയിൽ ഉമ്മവെച്ച് ഈതി വിടുന്നു. ചങ്ക് കിടുങ്ങിപ്പോയി. ഒന്നാലോചിച്ചാൽ കാര്യം നിസാരമാണ്. ഒരാൾ കണ്ണിെൻറ പോള വെറുതെ അടച്ചുതുറന്നതെയുള്ളൂ. മറ്റേയാൾ കൈയിലൊന്നു മുത്തി. പക്ഷേ ബുദ്ധിക്ക് കുഴപ്പമില്ലാത്തതിനാൽ പ്രശ്നം ഗുരുതരമാണെന്ന് മനസിലായി. പിന്നെയെല്ലാം പെെട്ടന്നായിരുന്നു..............
ജീവിതത്തിലേക്ക് ക്ഷണിക്കുന്നതു മുതൽ ജീവിതം തുലയാൻ പോകുന്നുവെന്ന് മനസിലാക്കാൻ വരെ ആംഗ്യം കൊണ്ടു കഴിയുമെങ്കിൽ പിന്നെ സംസാരംകൊണ്ട് വലിയ കാര്യമൊന്നുമില്ല.
ഏതാനും വർഷം മുമ്പ്, സംസ്ഥാന ബധിര അസോസിയേഷൻറ സംസ്ഥാന സമ്മേളനം കോട്ടയം മാമൻമാപ്പിള ഹാളിൽ നടക്കുന്നു. ഉച്ചയായിക്കാണും. വേദിയിൽ പ്രസംഗം തകർക്കുന്നു. പരിഭാഷകെൻറ ആംഗ്യങ്ങൾക്കൊപ്പം സദസിൽ ചിരി പടരുന്നുണ്ട്. പക്ഷേ ശബ്ദമില്ല. പെെട്ടന്ന് ഹാളിന് പുറത്ത് ഒരു ഭാഗത്ത് ആൾക്കൂട്ടം രൂപം കൊണ്ടു. അവരുടെ ചലനങ്ങൾക്ക് വേഗം കൂടുതലായിരുന്നു. ചിലരുടെ മുഖം ചുവന്നിരിക്കുന്നു. ഇരുഭാഗമായി തിരിഞ്ഞവരെ പിടിച്ചുമാറ്റാൻ മറ്റുള്ളവർ ശ്രമിക്കുന്നു.
ഒടുവിൽ ചിലർ വെളിയിൽ കിടന്ന ജീപ്പിൽ നിന്ന് പോലീസിനെയും കൂട്ടിയെത്തി. ഇരു കൂട്ടരുടെയും ആംഗ്യംകാട്ടലുകൾ കുറെനേരം നോക്കിനിന്ന പോലിസുകാർ എല്ലാവരെയും ആട്ടിപായിച്ചു. ഒരു പാവ കളി കണ്ട സുഖത്തിൽ കാഴ്ചക്കാരും പിരിഞ്ഞു. അപ്പോഴും അവിടെ നിന്ന ചിലർ കരയുന്നുണ്ടായിരുന്നു. എന്താണ് അവരുടെ പ്രശ്നം. ആരും അന്വേഷിച്ചില്ല. അന്വേഷിച്ചവർക്ക് മനസിലായുമില്ല. പക്ഷേ നെഞ്ചുലഞ്ഞ് പോയത് വൈകിട്ട് പരിപാടി കഴിഞ്ഞപ്പോഴാണ്, വാദികളും പ്രതികളും പരസ്പരം കെട്ടിപ്പുണർന്ന് യാത്രചോദിക്കുന്നു. ഉച്ചക്ക് വാശിമൂത്ത് പോലീസിനെ വിളിച്ചവരാണെന്ന് ഓർക്കണം. സന്തോഷം വന്നാലും സങ്കടം വന്നാലും അനുഭവിക്കാൻ തങ്ങൾ മാത്രമെയുള്ളൂവെന്ന തിരിച്ചറിവ് അവർക്കുണ്ട്.
ഒരു പൂർണമനുഷ്യനുള്ള എല്ലാ ആഗ്രഹങ്ങൾക്കും ആവലാതികൾക്കുമൊപ്പം മിണ്ടാനും കേൾക്കാനും വയ്യല്ലോ എന്ന ആധി കൂടി ചേർന്നതാണ് ഓരോ ബധിരനും.
കുടുംബവും കുട്ടികളും ഇവരുടെയും ആഗ്രഹമാണ്. പക്ഷേ അതത്ര എളുപ്പമല്ല. ബധിര യുവാവിന് ബധിര യുവതി തന്നെ ഭാര്യയായി വരണം. ഇരുവരും സൈൻ ലാംഗ്വേജ് പഠിച്ചിരിക്കണം. ആശയവിനിമയം സുഗമമാവുകയെന്നതാണ് പ്രധാനം.
കുട്ടികളെ വളർത്തുകയെന്നതാണ് ബധിര ദമ്പതിമാരുടെ ഏറ്റവും വലിയ വെല്ലുവിളി. മാതാപിതാക്കൾക്ക് ചെവികേൾക്കില്ലെന്ന് അറിയാതെ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ വിശക്കുമ്പോൾ അലറിക്കരയുകതന്നെ ചെയ്യും. കുഞ്ഞിനെ കണ്ണിമക്കാതെ നോക്കിയിരിക്കുക മാത്രമാണ് ഇത്തരം മാതാപിതാക്കൾക്ക് ചെയ്യാവുന്ന കാര്യം. ഈ വേവലാതി കുഞ്ഞിന് രണ്ട് വയസാകുമ്പോൾ തീരും. മാതാപിതാക്കളുടെ കുറവ് മനസിലാക്കുന്ന കുഞ്ഞ് പിന്നെ കരയില്ല. ആവശ്യങ്ങൾ വരുമ്പോൾ അത് അവരെ തൊട്ടുവിളിക്കും. പക്ഷേ നടക്കാറായ കുഞ്ഞ് കണ്ണുവെട്ടിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപോകുന്നത് തടയാൻ കുറച്ചൊന്നും ശ്രമിച്ചാൽ പോരാ. രാത്രി കുഞ്ഞുങ്ങളെ ദേഹത്ത് ചേർത്തുവച്ചാണ് ഉറക്കം. അവരുടെ ഓരോ ചെറിയ അനക്കവും മാതാപിതാക്കൾ അറിഞ്ഞുകൊണ്ടിരിക്കും.
ലോകത്തുനടക്കുന്ന എല്ലാ കാര്യങ്ങളും മനസിലാക്കാൻ ബധിരന് സാധിക്കും.മക്കളെ കേൾപിക്കാൻ പുത്തൻ പാട്ടുകളുടെ സിഡി ചോദിച്ചെത്തുന്ന ബധിരർ മ്യൂസിക് ഷോപ്പുകൾക്ക് അത്ഭുതമല്ല. സിനിമാ ശാലകളിലും ഇവരുണ്ടാകും. മുഴുവൻ മനസിലായിട്ടല്ല. പക്ഷേ ഉള്ളതുകൊണ്ട് തൃപ്തരാണ്. സബ്ടൈറ്റിലുള്ള സിനിമയാണെങ്കിൽ അന്ന് ഉൽസവമാണ്.
പക്ഷേ, ഇവർ കരഞ്ഞുപോകുന്ന മറ്റൊരിടമുണ്ട്. അതാണ് ആശുപത്രികൾ. തെൻറ വിഷമം ഡോക്ടറെ പറഞ്ഞു മനസിലാക്കാൻ കുറേയേറെ കഷ്ടപ്പെടേണ്ടിവരും. വയറിൽ വേദനയുണ്ട് എന്നല്ലാതെ അകത്താണോ പുറത്താണോ വിട്ടുവിട്ടാണോ കൊളുത്തിപ്പിടിക്കുന്നതുപോലെയാണോ എന്നൊന്നും വിശദീകരിക്കാൻ അവന് കഴിയില്ല. ഒടുവിൽ തെറ്റായ മരുന്നും വാങ്ങി പോകേണ്ടിവരും.
ആശുപത്രിയിൽ ഡോക്ടർമാർ ഇവരുടെ ആംഗ്യങ്ങൾ കണ്ടിരിക്കുകയെങ്കിലും ചെയ്യും. പക്ഷേ റെയിൽവേ സ്റ്റേഷനിൽ സ്ഥിതി മറിച്ചാണ്. ഒരു കാര്യം അറിയണമെങ്കിൽ ഒരു ദിവസത്തിെൻറ പകുതി വരെ ചിലവഴിക്കേണ്ടിവരും.
പരിഹാരം നിസാരമാണ്. സ്കൂളുകളിൽ ഇംഗ്ലീഷും, ഹിന്ദിയും തമിഴുമൊക്കെ പഠിപ്പിക്കുന്നതുപോലെ സമൂഹത്തിലെ എല്ലാവരെയും ആംഗ്യഭാഷ (സൈൻ ലാംഗ്വേജ്) പഠിപ്പിക്കുക. ആംഗ്യവും ചുണ്ടിെൻറ അനക്കവും ചേരുന്നതാണ് ഈ ഭാഷ. കാര്യമായ വ്യാകരണവും കടുകട്ടി സാഹിത്യവുമൊന്നുമില്ലാത്തതിനാൽ പഠിക്കാനും എളുപ്പം. ദിവസം ഒരു മണിക്കൂർ വെച്ച് ഏറിവന്നാൽ ആറ് മാസം, അതിനകം അത്യാവശ്യകാര്യങ്ങൾ മനസിലാക്കാൻ കഴിയും.
ഇതിെൻറ ഫലം ചെറുതല്ല. അന്യഗ്രഹ ജീവികളെപ്പോലെ, നമുക്കിടയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ലക്ഷത്തോളം പേർ മുഖ്യധാരയിലേക്ക് എത്തും. അതോടെ മൂകർക്ക് ആരോടും വഴി ചോദിക്കാം, ബധിരരോട് നമുക്ക് തമാശ പറയാം. അവർക്കെല്ലാം നമ്മളിൽ ഒരാളായി ജീവിക്കാം.
സാധാരണക്കാരെ സൈൻ ലാംഗ്വേജ് പഠിപ്പിക്കാൻ കേന്ദ്രസർക്കാരിന് ഫണ്ടുണ്ട്. പക്ഷേ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. എല്ലാവരെയും പഠിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ആംഗ്യ ഭാഷ പഠിച്ച ഒരാളെ പൊതു സ്ഥാപനങ്ങളിൽ നിയോഗിക്കണമെന്ന് ബധിരർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴല്ല 25 വർഷം മുമ്പ്. ഒരു നടപടിയും വന്നില്ല.
സർക്കാർ കൈമലർത്തിയതു കണ്ട് ബധിരർ സന്തോഷിച്ചു. കാരണം കൈമലർത്തുന്നത് സൈൻ ലാംഗ്വേജിൽ പെട്ടതാണ്. ഇങ്ങനെ ഓരോ ആംഗ്യവും പഠിച്ചെടുത്താൽ മതി ബധിരരുടെ തൊണ്ണൂറ് ശതമാനം പ്രശ്നവും തീരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.