മലപ്പുറം: മഞ്ചേരിയിലെ പ്രകൃതിചികിത്സകേന്ദ്രത്തിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ കർശന നടപടിക്ക് മലപ്പുറം ജില്ല കലക്ടറുടെ നിർദേശം. ഡി.എം.ഒയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ചികിത്സകേന്ദ്രത്തിനും ചികിത്സകനുമെതിരെ എന്ത് നടപടി എടുക്കാമെന്ന് പരിശോധിക്കാനും കേസെടുത്ത് അന്വേഷണം നടത്താനും ആവശ്യപ്പെട്ടതായി ജില്ല കലക്ടർ അമിത്മീണ പറഞ്ഞു.
റിപ്പോർട്ട് കലക്ടറുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി എസ്.പിക്ക് കൈമാറി. ആദ്യപടിയായി ചികിത്സകേന്ദ്രം ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയിരുന്നു. മാതൃമരണം അന്വേഷിക്കാനും നടപടികൾ സ്വീകരിക്കാനുമുള്ള അധികാരം ഉപയോഗിച്ചാണിത്. ഗൗരവത്തിലെടുക്കണമെന്നും ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും മൂന്ന് ഡെപ്യൂട്ടി ഡി.എം.ഒമാർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. പ്രസവം പോലുള്ളവ പ്രകൃതിചികിത്സകർ കൈകാര്യം ചെയ്യരുതെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. വെട്ടിച്ചിറ സ്വദേശി ഷഫ്നയാണ് (23) മഞ്ചേരി ഏറനാട് ആശുപത്രിയിലെ സ്പ്രൗഡ്സ് ഇൻറർനാഷണൽ പ്രകൃതിചികിത്സ കേന്ദ്രത്തിൽ മരിച്ചത്.
ഗർഭാവസ്ഥ മുതൽ യുവതിയെ ഇവിടെയായിരുന്നു ചികിത്സിച്ചിരുന്നത്. ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പ്രസവശേഷമാണ് മരണം. മാതാപിതാക്കളോ ഭർത്താവോ പരാതി നൽകിയിട്ടില്ല. അസ്വാഭാവിക മരണവിവരം ലഭിച്ചതിനെ തുടർന്നാണ് ജില്ല മെഡിക്കൽ ഒാഫിസ് ഇടെപട്ടത്. ചികിത്സയുമായി ബന്ധമില്ലെന്നും പ്രകൃതിചികിത്സക്ക് മുറി വാടകക്ക് നൽകിയതാണെന്നുമാണ് ഏറനാട് ആശുപത്രി അധികൃതരുടെ വിശദീകരണം. 2016 ഒക്ടോബറിൽ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തിൽ വാട്ടർബർത്ത് ചികിത്സക്കിടെ കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് ചികിത്സകനെതിരെ കേസെടുക്കുകയും കേന്ദ്രം അടച്ചിടുകയും ചെയ്തു. ഇതേ വ്യക്തിയാണ് മഞ്ചേരിയിലും യുവതിയെ പ്രകൃതിചികിത്സക്ക് വിധേയമാക്കിയത്. മാസത്തിൽ അഞ്ച് മുതൽ എട്ടുവരെ പ്രസവകേസുകൾ ഇവിടെ കൈകാര്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.