കൊടുവള്ളി: ചരിത്രത്തിന്റെ ഓർമപ്പുസ്തകത്തിൽ ഏറെയൊന്നും വായിക്കപ്പെടാതെ പോയ പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായ പാലക്കാംതൊടിക അബൂബക്കർ മുസ്ലിയാരുടെ പിന്മുറക്കാർ ശനിയാഴ്ച ഒത്തുകൂടുന്നു. ചരിത്രത്താളുകളിൽ രേഖപ്പെട്ടുകിടക്കുകയും എന്നാൽ ഉറക്കെ വായിക്കപ്പെടാതെ പോവുകയും ചെയ്ത അബൂബക്കർ മുസ്ലിയാരുടെ ഐതിഹാസിക പോരാട്ടത്തിന്റെ വീരകഥകൾ അനുസ് മരിക്കുന്നതിന് അദ്ദേഹത്തിന്റെ ജന്മഗൃഹം നിലകൊള്ളുന്ന കരുവൻപൊയിൽ താഴേ പൊയിൽ വീടാണ് വേദിയാകുന്നത്.
ബ്രിട്ടീഷുകാർക്കെതിരെ പടനയിക്കുന്നത് തന്റെ വിശ്വാസമാർഗമാണെന്ന് ഉറച്ച് കരുതുകയും അതിനായി അണികളെ ഒരുക്കിനിർത്തുകയും ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റപ്പെടുകയും ചെയ്ത വ്യക്തിയാണ് അബൂബക്കർ മുസ്ലിയാർ.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ചെറുശ്ശേരി അഹമ്മദ്കുട്ടി മൗലവി തുടങ്ങിയ പണ്ഡിതശ്രേഷ്ഠരുടെ ശിഷ്യനായിരുന്ന അബൂബക്കർ മുസ്ലിയാർ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം കിഴക്കൻ മലബാറിൽ ഖിലാഫത്ത് കോൺഗ്രസിന്റെ അമരക്കാരിൽ ഒരാളായി. ഏറനാട്ടിലും വള്ളുവനാട്ടിലും വാരിയൻകുന്നത്ത് കുഞ്ഞമ്മദ് ഹാജിയും ആലി മുസ്ലിയാരും പടനയിച്ചപ്പോൾ കിഴക്കൻ കോഴിക്കോടിന്റെ ചുമതല അബൂബക്കർ മുസ്ലിയാർക്കും കൊന്നാര തങ്ങൾക്കും ബ്രഹ്മദത്തൻ നമ്പൂതിരിക്കുമായിരുന്നു.
തുടർന്ന് കൊടുവള്ളി, കുന്ദമംഗലം, കൊടിയത്തൂർ, മുക്കം, ചെറുവാടി തുടങ്ങിയ പ്രദേശങ്ങൾ അതിശക്തമായ സമരപോരാട്ടങ്ങൾക്ക് വേദിയായി.
ബ്രിട്ടീഷ് പട്ടാളത്തിനും അവരെ പിന്തുണക്കുന്ന ജന്മിവർഗങ്ങൾക്കും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഇത് കാരണമായി. ബ്രിട്ടീഷ് ഭരണകൂടം രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അദ്ദേഹത്തെയും അനുയായികളെയും നിരന്തരം വേട്ടയാടാൻ തുടങ്ങി. ഗത്യന്തരമില്ലാതെ മുസ്ലിയാർ വെല്ലൂരിലേക്ക് പോകാൻ തീരുമാനിച്ചു.
1922 ജൂൺ 16ന് ഒറ്റുകാരാൽ പിടിക്കപ്പെടുകയും പിന്നീട് കോയമ്പത്തൂരിലും വെല്ലൂരിലുമായി ജയിലിൽ ക്രൂരമർദനങ്ങൾക്കിരയാവു കയും ചെയ്ത അദ്ദേഹം വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ തുടങ്ങിയവർക്ക് ശേഷം 1923 ഏപ്രിൽ 20ന് വെല്ലൂരിലെ ജയിലിൽ വെച്ച് തന്റെ അമ്പതാം വയസ്സിൽ തൂക്കിലേറ്റപ്പെടുകയായിരുന്നു. ബ്രിട്ടീഷുകാരാൽ തീയിട്ട് നശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജന്മഗൃഹമായ കരുവൻപൊയിലിലെ താഴെ പൊയിലിൽ വീട്ടിൽ ഇന്നും ശേഷിപ്പുകൾ അങ്ങനെ തന്നെ കുടുംബക്കാർ നിലനിർത്തിയിട്ടുണ്ട്.
പൊന്നാനിയിൽനിന്ന് വന്നതെന്നു കരുതുന്ന പ്രസിദ്ധമായ മുസ്ലിയാരകത്ത് കുടുംബാംഗമായ മരക്കാടൻ ചാലിൽ കുഞ്ഞിരായിൻ ഹാജി, പള്ളിക്കലത്ത് കുഞ്ഞിപ്പാത്തുമ്മ ദമ്പതികളുടെ നാല് മക്കളിൽ ഇളയ മകനായി 1874ലാണ് അബൂബക്കർ മുസ്ലിയാരുടെ ജനനം.
രാജ്യത്തെ മോചനമാർഗത്തിലേക്ക് നയിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പിന്മുറക്കാരുടെ രാജ്യസ്നേഹവും പൗരത്വവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം കൂടിയിരിപ്പുകൾ അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ പിൻതലമുറക്കാർ കരുതുന്നു. പുതിയ തലമുറക്ക് ചരിത്രം പഠിക്കുവാനും ശേഷിപ്പുകൾ സൂക്ഷിക്കുവാനുമായി സ്മാരകം പണിയാനുള്ള ശ്രമത്തിലാണ് പിന്മുറക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.