ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ എ. രാജ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഹരജി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി. ഹരജി അടുത്ത വെള്ളിയാഴ്ച വിശദമായി കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. ഹൈകോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധിയെന്നും പറഞ്ഞ രാജ, താൻ ഹിന്ദുമത വിശ്വാസിയാണെന്നും സുപ്രീം കോടതിയെ അറിയിച്ചു.
പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചായിരുന്നു ഹൈകോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി.എസ്.ഐ പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തിൽപ്പെട്ടതാണെന്നും ഹർജിയിലുണ്ടായിരുന്നു.
എന്നാൽ സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തി തന്നെയാണ് താൻ എന്ന് അപ്പീലിൽ രാജ പറയുന്നു. തൻറെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നും രാജ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.