ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ മൂന്ന് രേഖകൾ ഹൈകോടതി കൈമാറിയില്ലെന്ന പരാതി സുപ്രീംകോടതി പരിശോധിക്കുമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. സുപ്രീംകോടതി രജിസ്ട്രിയാണ് ഇത് പരിശോധിക്കുക. എല്ലാ രേഖകളും ഹൈകോടതി കൈമാറിയെന്ന് എ. രാജയുടെ അഭിഭാഷകൻ അറിയിച്ചപ്പോഴാണ് ബെഞ്ചിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കേസിൽ നിർണായകമായ സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റർ, സംസ്കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്ന പരാതി ഹരജിക്കാരനായ യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാറിന്റെ അഭിഭാഷകനാണ് സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ഈ മൂന്ന് രേഖകളും കൈമാറാത്തതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അഡ്വ. അൽജോ കെ. ജോസഫ് ബോധിപ്പിച്ചു.
എന്നാൽ, സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ ഓഫിസ് ഓർഡറിൽ എല്ലാ രേഖകളും ഹൈകോടതി കൈമാറിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൽ.ഡി.എഫ് എം.എൽ.എ രാജയുടെ അഭിഭാഷകൻ ജി. പ്രകാശ് ഇതിനെ ഖണ്ഡിച്ചു. തുടർന്നാണ് ഇക്കാര്യം സുപ്രീംകോടതി രജിസ്ട്രി പരിശോധിക്കുമെന്ന് ബെഞ്ച് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.