കൊച്ചി: ആഴ്ചകളായി ഇന്ധനവില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അനുബന്ധ മേഖലകൾ പ്രതിസന്ധിയിലേക്ക്. ചരക്കുകടത്ത്, പൊതുഗതാഗതം, നിർമാണരംഗം, അവശ്യവസ്തു വിപണി മേഖലകളിലെല്ലാം ഇതിെൻറ പ്രത്യാഘാതം പ്രകടമായിത്തുടങ്ങി. ഡീസൽ വില സർവകാല റെക്കോഡ് ഭേദിച്ചു. പെട്രോൾ വില കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് നീങ്ങുകയാണ്.
മുൻ മാസങ്ങളിൽ പെട്രോൾ, ഡീസൽ വില 10 മുതൽ 25 പൈസ വരെയാണ് ദിേനന കൂടിയിരുന്നത്. ഇപ്പോൾ ഇത് നഗരങ്ങളിൽ 20 മുതൽ 60 പൈസ വരെയാണ്. തിരുവനന്തപുരത്ത് വെള്ളിയാഴ്ച പെട്രോൾ ലിറ്ററിന് 75.57 ഉം ഡീസലിന് 67.79 രൂപയുമായിരുന്നു. കൊച്ചിയിൽ യഥാക്രമം 74.26ഉം 66.51ഉം. ഇൗ മാസം മാത്രം പെട്രോളിന് 2.92 ഉം ഡീസലിന് 1.80 രൂപയും കൂടി. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് പെട്രോളിന് 73.77 ഉം ഡീസലിന് 64.87 രൂപയുമായിരുന്നു.
ഇന്ധനവില വർധന ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോറി-, ബസ് ഉടമകളും വ്യാപാരികളും പറയുന്നു. ഡീസൽ വിലക്കയറ്റംമൂലം ചരക്കുകടത്ത് ചെലവ് 20 ശതമാനത്തോളം കൂടിയതോടെ ലോറി വാടകയിൽ 15 ശതമാനം വർധന വരുത്തിയതായി കേരള ലോറി ഒാണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. ഹംസ പറഞ്ഞു. കേരളത്തിലേക്ക് ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങളും വാടക പത്തുശതമാനത്തോളം കൂട്ടിയിട്ടുണ്ട്. ആനുപാതികമായി ഭക്ഷ്യധാന്യങ്ങളുടെയും നിർമാണസാമഗ്രികളുടെയും വിലയും കൂടിത്തുടങ്ങി.
ഉൽപന്നങ്ങൾ എത്തിക്കാനുള്ള ചെലവ് കഴിഞ്ഞ മാസങ്ങളിൽ 10--15 ശതമാനം വർധിച്ചതായി കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ആൻറണി കൊട്ടാരം പറഞ്ഞു. ഡൽഹിയിൽനിന്ന് ലോറിയിൽ ചരക്ക് എത്തിക്കുന്നതിന് 75,000-80,000 രൂപയായിരുന്നത് ഇപ്പോൾ 1,05,000വരെ എത്തി. വിശാഖപട്ടണത്തുനിന്നുള്ള ലോറി വാടക പതിനായിരം രൂപയോളം കൂടി. ഇൗ സാഹചര്യത്തിൽ ലോറിവാടക കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്നും ആൻറണി പറഞ്ഞു. ഭൂരിഭാഗം ഉൽപന്നവും പുറത്തുനിന്ന് കൊണ്ടുവരുന്ന കേരളത്തിനാകും ഇന്ധനവില വർധന ഏറ്റവും കനത്ത പ്രഹരമാവുക.
നോട്ട് നിരോധനത്തിനും ജി.എസ്.ടിക്കും പിന്നാലെ ഇന്ധനവില വർധന ഹോട്ടൽ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും എന്നാൽ, വില കൂട്ടാൻ ഉദ്ദേശ്യമില്ലെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു.
വാടക വർധിപ്പിക്കും –ലോറി ഓണേഴ്സ് ഫെഡറേഷൻ പാലക്കാട്: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി രണ്ടിന് മുമ്പായി സർക്കാർ ഇന്ധനവിലയിൽ ഈടാക്കുന്ന എക്സൈസ് നികുതിയിൽ കുറവ് വരുത്തിയില്ലെങ്കിൽ അഞ്ച് മുതൽ സംസ്ഥാനത്ത് ചരക്ക് വാഹനങ്ങൾക്കുള്ള ലോറിവാടക വർധിപ്പിക്കുമെന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതുസംബന്ധിച്ച് ജില്ല കമ്മിറ്റികൾക്ക് നിർദേശം നൽകാനും യോഗം തീരുമാനിച്ചു.
ഇന്ധനവില വർധനവിനെതിരെയുള്ള മോട്ടോർ വാഹന പണിമുടക്കിന് പിന്തുണനൽകുന്ന രീതിയിൽ സംസാരിക്കുന്ന മന്ത്രി തോമസ് ഐസക് സംസ്ഥാനം ഈടാക്കുന്ന 27 രൂപയിൽ കുറവ് വരുത്തുന്നതിൽ അനാസ്ഥ തുടരുകണെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഡീസൽ വില അയൽസംസ്ഥാനങ്ങെള അപേക്ഷിച്ച് അഞ്ച് രൂപയിലധികം കൂടുതലാണ്. പെട്രോൾ-ഡീസൽ വിലയെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യത്തോട് കേരളം മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.