തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഇരുട്ടടിയായി 'ബൾക്ക് പൾച്ചേസർ' വിഭാഗത്തിലെ വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽ വില വീണ്ടും കുത്തനെ കൂട്ടി. 21.10 രൂപയാണ് വ്യാഴാഴ്ച ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ പൊതുവിപണിയെ അപേക്ഷിച്ച് 27.88 രൂപയുടെ വർധനയാണുണ്ടാവുക. പ്രതിദിനം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്നവരെയാണ് ബൾക്ക് പർച്ചേസറായി പരിഗണിക്കുന്നത്. ഫെബ്രുവരി 16നാണ് നേരേത്ത വൻകിട ഉപഭോക്താക്കൾക്കുള്ള നിരക്ക് വർധിപ്പിച്ചത്. 6.73 രൂപയാണ് അന്ന് കൂട്ടിയത്. പിന്നാലെയാണ് വ്യാഴാഴ്ചയിലെ വില മാറ്റം.
പൊതുപമ്പുകളെ അപേക്ഷിച്ച് മൂന്ന് മുതൽ നാല് രൂപ വരെ കുറവിലാണ് കെ.എസ്.ആർ.ടി.സിക്കടക്കം നേരേത്ത ഡീസൽ ലഭിച്ചിരുന്നത്. പൊതുപമ്പുകളിലേതുപോലെ വൻകിട ഉപഭോക്താക്കൾക്ക് സാധാരണ നിരക്ക് വർധിപ്പിക്കാറില്ലായിരുന്നു. ഈ പതിവാണ് ഫെബ്രുവരി 16 മുതൽ തെറ്റിച്ചത്. ഫെബ്രുവരി 18 മുതൽ ബൾക്ക് പർച്ചേസ് പൂർണമായും നിർത്തി പകരം സമീപത്തെ സ്വകാര്യ ഔട്ട്ലെറ്റുകളിൽനിന്ന് വിപണി വിലക്ക് ഡീസൽ വാങ്ങി ഡിപ്പോകളിലെത്തിക്കുകയാണ് കെ.എസ്.ആർ.ടി.സി ചെയ്യുന്നത്.
2.70 ലക്ഷം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ ബൾക്ക് പർച്ചേസ് വിലക്ക് വാങ്ങിയിരുന്നെങ്കിൽ പ്രതിദിനം 75-84 ലക്ഷം രൂപയാണ് അധിക ബാധ്യതയാകുമായിരുന്നത്. പൊതുവിപണിയിൽ പ്രതിദിനം എണ്ണവിലയിൽ മാറ്റം വരാമെങ്കിൽ ബൾക്ക് പർച്ചേസ് വിഭാഗത്തിൽ വില വ്യത്യാസം വരുന്നത് എല്ലാ മാസവും ഒന്ന്, 16 തീയതികളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.