കൊച്ചി: തെറ്റായ വിവരങ്ങൾ നൽകി സർക്കാറിനെ പ്രതിരോധത്തിലാക്കുന്നുവെന്നാരോപിച്ച് പട്ടികജാതി വികസന ഡയറക്ടറേറ്റിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ ഡയറക്ടറുടെ അച്ചടക്ക നടപടി. ഭരണാനുകൂല സംഘടനയിൽപെട്ട മൂന്ന് പേർക്കാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം.
വകുപ്പിലെ എസ്റ്റാബ്ലിഷ്മെന്റ് (ബി) വിഭാഗത്തിൽനിന്ന് വസ്തുതവിരുദ്ധവും തെറ്റിദ്ധാരണജനകവും പരസ്പരവിരുദ്ധവുമായ റിപ്പോർട്ടുകൾ സർക്കാറിലേക്ക് പോകുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡയറക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. ശശാങ്കൻ, സീനിയർ സൂപ്രണ്ട് ശ്രീജ എസ്.ജി. നായർ, ജൂനിയർ സൂപ്രണ്ട് എൽ.ആർ. രാജിത എന്നിവരെയാണ് അടിയന്തരമായി സ്ഥലംമാറ്റിയത്. ഇവർക്ക് പകരമായി യഥാക്രമം ആലുവ പി.ഇ.ടി.സി ജൂനിയർ സൂപ്രണ്ട് പ്രജോഷ് ജോൺ, പീരുമേട് എം.ആർ.എസ് സീനിയർ സൂപ്രണ്ട് എസ്.ആർ. മനോജ്, തിരുവനന്തപുരം ജില്ല പട്ടികജാതി വികസന ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എൻ.പി. ബൈജു എന്നിവരെ നിയമിക്കുകയും ചെയ്തു.
വിവിധ ജില്ലകളിൽനിന്ന് സർക്കാറിലേക്ക് ലഭിക്കുന്ന റിപ്പോർട്ടുകളിൽ സൂക്ഷ്മപരിശോധന നടത്തുന്നില്ലെന്നും സർക്കാറുമായി നടത്തുന്ന കത്തിടപാടുകളിൽ പാലിക്കേണ്ട നിർദേശങ്ങൾ ലംഘിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പരാതി വ്യാപകമായതോടെ തെറ്റുകൾ ആവർത്തിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താക്കീത് നൽകുന്നതിനും ആവശ്യമെങ്കിൽ സെക്ഷൻ ചുമതലകളിൽനിന്ന് ഇവരെ മാറ്റുന്നതിനും വകുപ്പ് സ്പെഷൽ സെക്രട്ടറി കഴിഞ്ഞ വർഷം ജൂണിൽ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ താക്കീത് നൽകി. എന്നാൽ, തുടർന്നും പഴയ നടപടികൾ തുടർന്ന സാഹചര്യത്തിലാണ് ഇവരെ അടിയന്തരമായി സ്ഥലംമാറ്റി വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഉത്തരവിറക്കിയത്. അതിനിടെ ഉത്തരവിനെതിരെ ഭരണാനുകൂല യൂനിയൻ പ്രതിഷേധവുമായി രംഗത്തെത്തി. ഡയറക്ടറേറ്റിൽ പ്രതിഷേധപരിപാടികളും നടത്തി. ഇതിനുപിന്നാലെ ഡയറക്ടർക്കുവേണ്ടി സ്ഥലംമാറ്റ ഉത്തരവിറക്കിയ സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റിന്റെ കസേരയും തെറിച്ചു.
വകുപ്പിൽ ഡയറക്ടറും ഒരുവിഭാഗം ഉദ്യോഗസ്ഥരും തമ്മിൽ നിലനിൽക്കുന്ന ശീതസമരത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്ന് ആരോപണമുണ്ട്. ജീവനക്കാരുടെ സ്ഥാനക്കയറ്റം, ക്ഷേമപദ്ധതികൾ അടക്കമുള്ള കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതായും ഡയറക്ടറുടെ തീരുമാനങ്ങൾ കാറ്റിൽപറത്തുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനങ്ങളെന്നുമാണ് ഡയറക്ടറെ അനുകൂലിക്കുന്നവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.