പുൽവാമ: സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം -വി.ഡി. സതീശൻ

പറവൂര്‍ (കൊച്ചി): തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി 40 സൈനികരെ കൊല ചെയ്യുന്നതിന് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും കൂട്ട് നിന്നെന്ന കാശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലികിന്‍റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും മൗനം പാലിക്കുന്നത് വിസ്മയകരമാണെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി 40 സൈനികരെ കൊല ചെയ്യുന്നതിന് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും കൂട്ട് നിന്നെന്ന ഗുരുതരമായ ആരോപണമാണ് മാലിക് ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ച ആളാണ് ആരോപണം ഉന്നയിച്ചത്. ആരോപണത്തെ സാധൂകരിച്ച് കൊണ്ട് കരസേന മുന്‍ മേധാവിയും ബി.എസ്.എഫ് മേധാവിയും രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് അതിതീവ്ര ദേശീയത ആളിക്കത്തിക്കുന്നതിന് വേണ്ടിയുള്ള ക്രൂരകൃത്യമായിരുന്നു പുല്‍വാമ ആക്രമണമെന്നാണ് വ്യക്തമായിരിക്കുന്നത്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കണം, ഇതേക്കുറിച്ച് അന്വേഷിക്കണം -വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

രാജ്യത്താകെ ക്രൈസ്തവര്‍ക്ക് നേരെ ബി.ജെ.പി - സംഘപരിവാര്‍ സംഘടനകള്‍ ആക്രമണങ്ങള്‍ അഴിച്ച് വിടുമ്പോള്‍ കേരളത്തില്‍ പ്രീണിപ്പിക്കാന്‍ പോകുന്നത് തമാശയാണ്. കാലങ്ങളായി ബി.ജെ.പി ഏറ്റവുമധികം ആക്രമിച്ച ന്യൂനപക്ഷ വിഭാഗവും ക്രൈസ്തവരാണ്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 94 മുന്‍ ബ്രൂറോക്രാറ്റുകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മധ്യതിരുവിതാംകൂറില്‍ പലയിടത്തും സംഘപരിവാര്‍ പെന്തകോസ്ത് ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിലെ പോലെ ആക്രമിക്കാന്‍ സാധിക്കില്ലെന്നതിനാലാണ് കേരളത്തില്‍ വോട്ട് ലക്ഷ്യമിട്ട് പ്രീണനതന്ത്രം സ്വീകരിക്കുന്നത്. ഗോള്‍വാള്‍ക്കറുടെ ബെഞ്ച് ഓഫ് തോട്ട്‌സില്‍ പറഞ്ഞിരിക്കുന്നതെല്ലാം ക്രൈസ്തവ വിരുദ്ധമാണ്. ആ നിലപാടുകള്‍ മാറ്റിയെങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോഴും ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നത്? 598 ദേവാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധനകള്‍ പോലും തടസപ്പെടുത്തി. സ്റ്റാന്‍സാമിയെ ജയിലിലിട്ട് കൊന്നില്ലേ? -അദ്ദേഹം ചോദിച്ചു.

വിശദീകരണക്കുറിപ്പ് ഇറക്കിയ ലോകായുക്ത നടപടി അസാധാരണമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതുവരെ ഒരു ജുഡീഷ്യല്‍ സ്ഥാപനങ്ങളും ചെയ്തിട്ടില്ലാത്ത പുതിയ രീതിയാണിത്. വാര്‍ത്താക്കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഒരു സാംഗത്യവുമില്ല. ലോകായുക്തയ്‌ക്കെതിരായ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയും വാര്‍ത്താക്കുറിപ്പിലില്ല. വാദം കേട്ട് ഒരു കൊല്ലത്തിന് ശേഷം ഒന്നര പേജ് വിധി ഇറക്കി, അതില്‍ മെയ്‌ന്റെയ്‌നബിലിറ്റിയെ കുറിച്ച് പറയുന്നത് വിരോധാഭാസമാണ്. പരാതിയുമായി എത്തുന്നവരെ പേപ്പട്ടിയോട് ഉപമിക്കുന്നത് ലോകായുക്തയ്ക്ക് യോജിച്ചതല്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയതോടെ ലോകായുക്ത കൂടുതല്‍ അപഹാസ്യമായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Disclosure on Pulwama attack should be investigated says vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.