കൊച്ചി: ഉയർന്ന പി.എഫ് പെൻഷൻ ലഭിച്ചിരുന്ന മത്സ്യഫെഡിലെ മുൻ ഉദ്യോഗസ്ഥർക്ക് അത് നിഷേധിക്കരുതെന്ന് ഹൈകോടതി. ഉയർന്ന പെൻഷൻ ലഭിച്ചിരുന്ന തങ്ങളുടെ കാര്യത്തിൽ ‘പ്രോ റാറ്റ’ പ്രകാരം പെൻഷൻ നിർണയിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 57 റിട്ട. ജീവനക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്. ഇ.പി.എഫ്.ഒയുടെയടക്കം വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
നിലവിൽ പ്രതിമാസം 38,000 രൂപ വരെയാണ് ഹരജിക്കാർക്ക് പെൻഷൻ ലഭിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ ഇ.പി.എഫ്.ഒ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം പെൻഷൻ നിശ്ചയിച്ചാൽ പെൻഷൻ ഗണ്യമായി കുറയുമെന്നാരോപിച്ചാണ് ഹരജി.
സർക്കുലർ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. 2014നുമുമ്പ് ഉയർന്ന പെൻഷൻ സ്കീമിൽ ചേർന്നതിനാൽ വിരമിക്കുന്നതിന് മുമ്പത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ പെൻഷൻ നിർണയിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെടുന്നു. 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെൻഷൻ നിർണയിക്കുന്ന ‘പ്രോ റാറ്റ’ സ്കീം 2014നുശേഷം വിരമിച്ച തങ്ങൾക്ക് ബാധകമല്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.