ചരിത്രകാരൻ ഡോ. എം. ഗംഗാധരൻ അന്തരിച്ചു

മലപ്പുറം: പ്രമുഖ ചരിത്രകാരൻ ഡോ. എം. ഗംഗാധരൻ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലാ‍യിരുന്നു അന്ത്യം. മലബാർ സമര ചരിത്ര പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. എം. ഗംഗാധരൻ രണ്ടു തവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി 1933ലാണ് ജനനം. 1954ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാധ്യാപകനായി. 

1986ൽ മലബാർ കലാപത്തെ കുറിച്ച പ്രബന്ധത്തിന് കാലിക്കറ്റ് സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടി. കോഴിക്കോട് ഗവ. കോളേജിൽ ചരിത്രധ്യാപകനായും കോട്ടയം മഹാത്മ ഗാന്ധി സർവകലാശായിൽ സ്കൂൾ ഓഫ് സോഷ്യൽ സ്റ്റഡീസിൽ വിസിറ്റിങ്ങ് പ്രഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആധുനിക കേരള ചരിത്ര ഗവേഷണ വിദ്യാർത്ഥികളുടെ അവലമ്പവും ചരിത്രപരവും വർത്തമാനപരവുമായ രാഷ്ട്രീയ വിശകലനങ്ങളിലും നിരൂപണങ്ങളിലും ഏറെ കാലം നിറഞ്ഞ് നിന്ന വ്യക്തിത്വവുമായിരുന്നു. 1970 മുതൽ 75 വരെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്തു. 

'വസന്തത്തിന്‍റെ മുറിവ്' എന്ന ഗ്രന്ഥത്തിന് വിവർത്തന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 'അന്വേഷണം ആസ്വാദനം നിരൂപണം പുതിയമുഖം: ബോധത്തിലെ പടുകുഴികൾ, ഉണർവിന്‍റെ ലഹരിയിലേക്ക് (സാഹിത്യ നിരൂപണം), ജാതി വ്യവസ്ഥ, മാപ്പിള പഠനങ്ങൾ, സ്ത്രീയവസ്ഥ കേരളത്തിൽ, ദി മലബാർ റിബില്യൻ: വി.കെ. കൃഷ്ണ മേനോൻ, വ്യക്തിയും വിവാദങ്ങളും എന്നീ മൗലിക കൃതികളും മാനൺ ലെസ്കോ ഒരു പ്രണയ കഥ, വസന്തത്തിന്‍റെ മുറിവ്, കടൽ കന്യക എന്നീ വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'മാധ്യമം' ദിനപത്രവുമായി ജീവിതവസാനം വരെ ഏറെ ഗുണകാംഷയോടെ ധിഷണാപരമായ അടുപ്പം നിലനിർത്തിയിരുന്നു.

ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ്.​ നാരായണന്‍റെ അമ്മാവനാണ്.  ഭാര്യ: യമുനാദേവി. മകൻ: നാരായണൻ. മകൾ: നളിനി.  മരുമക്കൾ: അനിത, പി.എം. കരുണാകര മേനോൻ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ. 

Tags:    
News Summary - Dr M Gangadharan passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.