തിരുവനന്തപുരം: മെഡിക്കൽ കോളജ് സർജറി വിഭാഗം പി.ജി വിദ്യാർഥിനി ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റുവൈസിനെ റിമാൻഡ് ചെയ്തു. ഷഹനയുടെ ആത്മഹത്യകുറിപ്പിൽ സുഹൃത്തും സഹ ഡോക്ടറുമായ കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് എസ്.വി.എം മീൻമുക്ക് മദ്റസക്ക് സമീപം ഇടയിലവീട്ടിൽ ഇ.എ. റുവൈസിന്റെ (28) പേര് പരാമർശിച്ചതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പി.ജി ഡോക്ടർമാരുടെ അസോസിയേഷൻ ഭാരവാഹിയായിരുന്നു റുവൈസ്.
ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഉറപ്പിച്ച വിവാഹം മുടങ്ങിയതിലുള്ള വിഷമത്തിലാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ജാസിം നാസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഐ.പി.സി 306 (ആത്മഹത്യ പ്രേരണ), സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നിവ അനുസരിച്ചാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. റുവൈസിനെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഡിസംബർ 21 വരെയാണ് റിമാൻഡ് ചെയ്തത്.
‘സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്... വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വർണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നുള്ളത് സത്യമാണ്...’ -ഇത്തരം പരാമർശങ്ങൾ ആത്മഹത്യകുറിപ്പിലുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണ്.
ആത്മഹത്യകുറിപ്പിലെ പരാമർശങ്ങൾക്ക് സമാനമായി ഷഹനയുടെ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി എ.പി.പി പ്രവീൺ കുമാർ ഹാജരായി.
ഇതിനിടെ, ഡോ. റുവൈസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽനിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോർജ് നിർദേശം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.