മുട്ടുചിറ (കോട്ടയം): കനലെരിയും നെഞ്ചകങ്ങൾ യാത്രാമൊഴിയേകി, വന്ദന ഇനി കണ്ണീരോർമ. അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന് (22) വീട്ടുമുറ്റത്ത് നിത്യനിദ്ര. മുത്തച്ഛൻ ഗോപാലന്‍റെയും മുത്തശ്ശി കല്യാണിയുടെയും കല്ലറയോട് ചേർന്നൊരുക്കിയ ചിതയിൽ പാതിവഴിയിൽ കൊഴിഞ്ഞ വന്ദന എരിഞ്ഞടങ്ങുമ്പോൾ നാട് കണ്ണീരോടെ ചുറ്റും നിന്നു.
ജീവനും ജീവിതവുമായിരുന്ന പൊന്നുമകൾക്ക് ഒരുപാടുമ്മകൾകൊണ്ട് അച്ഛനും അമ്മയും യാത്രാമൊഴിയേകിയ നിമിഷം, കണ്ടുനിന്ന കണ്ണുകളെല്ലാം നിറഞ്ഞൊഴുകി. പിന്നാലെ, വന്ദനയുടെ അമ്മാവൻ ബാബുവിന്‍റെ പത്തുവയസ്സുകാരൻ മകൻ നിവേദ് ചിതക്ക് തീകൊളുത്തി. വന്ദനയുള്ളപ്പോഴെല്ലാം ചിരി നിറഞ്ഞിരുന്ന മുട്ടുചിറ നമ്പിച്ചിറക്കാലായിൽ വീട് ഇത്തവണ മാതാപിതാക്കളുടെ ‘കുട്ടാപ്പി’യെത്തിയിട്ടും കണ്ണീരിൽ നിറഞ്ഞുനിന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ജോലിക്കിടെ അക്രമിയുടെ കത്രികക്കുമുന്നിൽ പിടഞ്ഞൊടുങ്ങിയ ഹൗസ് സർജൻ ഡോ. വന്ദനക്ക് അന്തിമോപചാരമർപ്പിക്കാൻ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ വീട്ടിലേക്ക് എത്തിയത് ആയിരങ്ങളായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെ മൃതദേഹം മുറ്റത്തെ പന്തലിലേക്ക് മാറ്റി. ഇതോടെ വീടും പരിസരവും നിറഞ്ഞു. വന്ദനയുടെ സുഹൃത്തുക്കൾക്കും സഹപാഠികൾക്കുമൊപ്പം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് േഡാക്ടർമാർ അന്ത്യാഞ്ജലി അർപ്പിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനാണ് സംസ്കാരം തീരുമാനിച്ചതെങ്കിലും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കേരളത്തിന്‍റെ അണമുറിയാത്ത പ്രവാഹത്തിൽ സമയം നീണ്ടു. 1.45ഓടെയാണ് കർമങ്ങൾക്ക് തുടക്കമായത്. 2.40ന് മൃതദേഹം ചിതയിലേക്കെടുത്തു. ഇതോടെ അമ്മ തളർന്നുവീണു. ഇടമുറിയാത്ത കണ്ണീരിലായിരുന്നു അച്ഛൻ. അവസാനം നെഞ്ചുപൊട്ടിയുള്ള മാതാപിതാക്കളുടെ അന്ത്യചുംബനം ഏറ്റുവാങ്ങി വന്ദന മറഞ്ഞു; കണ്ടുനിന്ന കണ്ണുകളെല്ലാം കണ്ണീരിൽ തളംകെട്ടി.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി വി.എൻ. വാസവൻ, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, എം.പിമാരായ തോമസ് ചാഴികാടൻ, ജെബി മേത്തർ, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ സംസ്കാര സമയത്ത് മോഹൻദാസിനൊപ്പമുണ്ടായിരുന്നു. മന്ത്രി വീണ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജോസ് കെ. മാണി എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി സി. കാപ്പൻ, സി.കെ. ആശ, ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.