തിരുവനന്തപുരം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികനില പരിശോധനക്കായി ഇന്ന് തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് നേതൃത്വം നൽകുന്ന മെഡിക്കൽ ബോർഡാണ് സന്ദീപിന്റെ ശാരീരിക, മാനസിക നില പരിശോധിക്കുക.
സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്നമില്ലെന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ പതിവുപരിശോധനക്കിടയിൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ വ്യക്തമാക്കിയിരുന്നു.
പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്ന കോടതി നിർദേശ പ്രകാരം പുനലൂർ താലൂക്കാശുപത്രിയിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പ്രതിയുടെ കാലിന് പൊട്ടലുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. കാലിന് പ്ലാസ്റ്റർ ഇട്ടതിനാൽ സന്ദീപിനെ സംഭവം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് വൈകും. ആരോഗ്യസ്ഥിതി തൃപ്തികരമായാൽ മാത്രമേ തെളിവെടുപ്പ് നടക്കുകയുള്ളൂ.
അതേസമയം, കസ്റ്റഡിയിൽ ലഭിച്ചതിനാൽ സന്ദീപിനെ കൊട്ടാരക്കര എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ഡോക്ടറെ കുത്താൻ ഉപയോഗിച്ച കത്രിക കൈക്കലാക്കിയതെങ്ങനെയെന്നും സന്ദീപിന്റെ കാലിൽ മുറിവ് ഉണ്ടായത് എങ്ങനെയെന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം ലഭിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.