തൃശൂർ: ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയും ചാനൽ ചർച്ചകളിലെ സി.പി.എമ്മിന്റെ യുവ പോരാളിയുമായ എൻ.വി. വൈശാഖനെ നിർബന്ധിത അവധിയിലേക്ക് വിട്ട് സി.പി.എം തീരുമാനം. ആഗസ്റ്റ് 15ന് നടക്കുന്ന സെക്കുലർ റാലിയോടനുബന്ധിച്ച ജില്ലതല ജാഥയുടെ ക്യാപ്റ്റൻ ചുമതലയിൽനിന്നും വൈശാഖനെ മാറ്റിയിട്ടുമുണ്ട്. പകരം സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശരത്പ്രസാദിനെ ക്യാപ്റ്റനായി നിയോഗിച്ചു.
വൈശാഖനെതിരെ പരാതി ഉയർന്നതാണ് മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എന്നിവരടക്കം പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. സെക്രട്ടേറിയറ്റ് നിർദേശം ജില്ല കമ്മിറ്റിയും അംഗീകരിച്ചു. ഡി.വൈ.എഫ്.ഐക്കും നിർദേശം നൽകി.
ചാനൽ ചർച്ചകളിൽ രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭമാക്കുന്ന യുവപോരാളിയെന്ന നിലയിൽ ഇടതുപക്ഷത്തിന് പുറത്തും ആരാധകരുള്ളയാളാണ് വൈശാഖൻ. സി.പി.എം ജില്ല കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുഖമാസികയായ യുവധാരയുടെ എഡിറ്റോറിയൽ ബോർഡ് അംഗവുമാണ്. സെക്കുലർ റാലിയോടനുബന്ധിച്ച് വൈശാഖനെ കൂടാതെ ജില്ല പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ, ജില്ല ട്രഷറർ കെ.എസ്. സെന്തിൽകുമാർ എന്നിവർ ക്യാപ്റ്റന്മാരായി മൂന്ന് കാൽനട ജാഥകളാണ് തീരുമാനിച്ചിരുന്നത്.
കൊടുങ്ങല്ലൂർ, മാള, ചാലക്കുടി, കൊടകര, ഒല്ലൂർ, മണ്ണുത്തി മേഖലകൾ ഉൾപ്പെടുന്ന ജാഥ ക്യാപ്റ്റൻ ആയിരുന്നു വൈശാഖൻ. കഴിഞ്ഞദിവസം വരെ ജാഥയടക്കം പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വൈശാഖന് അവധി നൽകിയെങ്കിലും സെക്രട്ടറി സ്ഥാനത്തുനിന്നോ മറ്റു പദവികളിൽനിന്നോ മാറ്റുന്നതടക്കം നടപടി ഉണ്ടായിട്ടില്ല. പാർട്ടിയിലെ വിഭാഗീയതയാണ് കാരണമെന്നും പറയുന്നു. അേതസമയം, ചികിത്സയുടെ ഭാഗമായാണ് അവധിയെന്നാണ് ഡി.വൈ.എഫ്.ഐ ജില്ല നേതൃത്വം പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.