തേഞ്ഞിപ്പലം: അംഗീകൃത മദ്റസകള്‍ ഇല്ലാത്ത നാടുകളിലെ വിദ്യാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഇ-ലേണിങ് മദ്റസകള്‍ ആരംഭിക്കുന്നു. വിദേശ രാജ്യങ്ങളിലടക്കം മദ്റസ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സംവിധാനം ഏറെ ഉപകാരപ്രദമാകും.

മദ്റസ പഠനം നിര്‍ത്തിയ ശേഷം തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്കും പ്രാഥമിക മതപഠനം ലഭിക്കാത്തവര്‍ക്കും പ്രത്യേക സിലബസ് തയാറാക്കി പഠനം സാധ്യമാക്കും. പുതുതായി മൂന്ന് മദ്റസകള്‍ക്കുകൂടി സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 10,588 ആയി.

അല്‍ മദ്റസത്തുല്‍ ബദ്രിയ്യ യശ്വന്തപുരം (ബംഗളൂരൂ), മദ്റസത്തു റിള്വാന്‍ എര്‍മുഡല്‍, മഞ്ചേശ്വരം(കാസര്‍കോട്), മുസ്‍ലിം യങ് മെന്റ്സ് മദ്റസ, ശാന്തി അങ്ങാടി, മിത്തബെയില്‍ (ദക്ഷിണ കന്നട) മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടിവ് അംഗങ്ങളായി മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലിയെയും പി.കെ. ഹംസക്കുട്ടി മുസ്‍ലിയാര്‍ ആദൃശ്ശേരിയെയും ജനറല്‍ ബോഡി അംഗങ്ങളായി അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ടി.പി. അഹ്‌മദ് സലീം എടക്കര, ഇബ്രാഹീം ഫൈസി പേരാല്‍, മാണിയൂര്‍ അബ്ദുറഹിമാന്‍ മുസ്‍ലിയാര്‍, ഇസ്മായില്‍ ഹാജി എടച്ചേരി എന്നിവരെയും തെരഞ്ഞെടുത്തു.

വാര്‍ഷിക ജനറല്‍ബോഡി യോഗം ഈ മാസം 21ന് വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്റസയില്‍ ചേരും. മാര്‍ച്ച് നാലിന് സി.ബി.എസ്.സി പൊതുപരീക്ഷ നടക്കുന്നതിനാല്‍ ഈ പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ മദ്റസ പൊതുപരീക്ഷ മാര്‍ച്ച് 12ന് അതത് ഡിവിഷന്‍ കേന്ദ്രത്തില്‍ നടത്തും.

Tags:    
News Summary - E-Madrasa in Samasta from next academic year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.