തൃശൂർ: കൊടകര കുഴൽപണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചെന്ന് കേട്ട് ‘ഇതെന്ത് കഥ’ എന്ന ചോദ്യവുമായി തിരൂർ സതീഷ്. കൊടകരയിൽ കവർന്ന മൂന്നര കോടി രൂപ ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി ഓഫിസിൽ ആറു ചാക്കുകളിലാക്കി എത്തിച്ച ഒമ്പതു കോടി രൂപയുടെ ഭാഗമാണെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്ന, ജില്ല ഓഫിസിലെ മുൻ സെക്രട്ടറിയാണ് തിരൂർ സതീഷ്.
‘കേരള പൊലീസ് ആദ്യം അന്വേഷിച്ച കൊടകര കേസിൽ ഞാൻ സാക്ഷിപ്പട്ടികയിലുണ്ട്. അതിനുശേഷം ഞാൻ കുറെ കാര്യങ്ങൾ വെളിപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം എന്റെ മൊഴിയെടുത്തു. കോടതിയിൽ രഹസ്യമൊഴി നൽകി. പക്ഷേ, ഇ.ഡി മാത്രം വിളിച്ചതും കേട്ടതുമില്ല. എന്നിട്ട് എങ്ങനെ കുറ്റപത്രം നൽകി? ഇത് രാഷ്ട്രീയ ഇടപെടലല്ലാതെ മറ്റൊന്നുമല്ല’ -സതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
2024 ഒക്ടോബർ 30നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. താൻ ഓഫിസിൽ ഉള്ളപ്പോഴാണ് ചാക്കുകളിൽ പണം വന്നതെന്നും മുകളിലെ ഓഫിസിലേക്ക് ചാക്കുകൾ കയറ്റിവെക്കാൻ ധർമരാജനൊപ്പം താനും ഉണ്ടായിരുന്നുവെന്നുമാണ് സതീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. മുമ്പ് താൻ പൊലീസിനോട് പറയാത്ത, വിചാരണവേളയിൽ കോടതിയിൽ പറയാനിരുന്ന കാര്യമാണ് വെളിപ്പെടുത്തുന്നതെന്നും പറഞ്ഞിരുന്നു.
‘തെരഞ്ഞെടുപ്പ് സാമഗ്രികൾ’ എന്ന പേരിലാണ് പണം നിറച്ച ചാക്കുകൾ എത്തിച്ചത്. ചാക്കുകെട്ടുകൾ ഓഫിസിൽവെച്ച് മുറി പൂട്ടി അന്ന് രാത്രി കാവലിരുന്നു. പാർട്ടി ജില്ല ഭാരവാഹിയുടെ നിർദേശപ്രകാരം ധർമരാജനും മറ്റും നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തതും താനാണ്. ചാക്കുകെട്ടുകളിൽ പണമാണെന്ന് അറിഞ്ഞത് കുറെക്കഴിഞ്ഞാണ്. അതിൽ ഒരു ഭാഗം ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോഴാണ് കൊടകരയിൽവെച്ച് തട്ടിയെടുത്തതെന്നും സതീഷ് പറഞ്ഞിരുന്നു.
സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും സംഘം കോടതിയുടെ അനുമതി തേടി തുടരന്വേഷണം നടത്തുകയും ചെയ്തു.
കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ സതീഷ് മൊഴി നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘം സതീഷിന്റെ മൊഴി വിശ്വാസത്തിലെടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.