തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്കെതിരായ ഇ.ഡിയെ ഉപയോഗിച്ചുള്ള കേന്ദ്ര ഇടപെടലിൽ കോൺഗ്രസിനെ തിരുത്തി യു.ഡി.എഫ്. കേന്ദ്ര ഇടപെടലിനെതിരെ സി.പി.എമ്മും സംസ്ഥാന സർക്കാറും നടത്തുന്ന ഒരു പരിപാടിയിലും സഹകരിക്കേണ്ടതില്ലെന്ന് കോൺഗ്രസുകാരായ സഹകാരികൾക്ക് നിർദേശം നൽകാനാണ് വ്യാഴാഴ്ച കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചത്. എന്നാൽ, സി.പി.എമ്മിന്റെ സമരങ്ങളോട് സഹകരിക്കേണ്ടതില്ല, കേന്ദ്ര ഇടപെടിനെതിരെ സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിലുള്ള പരിപാടികളിൽ സഹകരിക്കാമെന്നാണ് വെള്ളിയാഴ്ച യു.ഡി.എഫ് യോഗത്തിലുണ്ടായ ധാരണ.
ഒരു സഹകരണവും വേണ്ടെന്ന കെ.പി.സി.സി തീരുമാനത്തോട് മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികൾ വിയോജിച്ചതിനെ തുടർന്നാണ് സർക്കാറിനോട് സഹകരിക്കാം, സി.പി.എമ്മിനോട് വേണ്ട എന്ന സമവായം രൂപപ്പെട്ടത്. സഹകരണ മേഖലയിലെ ഇ.ഡി അന്വേഷണങ്ങൾക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്ത കോൺഗ്രസുകാരായ സഹകാരികളോട് വിശദീകരണം ആവശ്യപ്പെടാനും കെ.പി.സി.സി നേതൃയോഗത്തിൽ ആലോചനയുണ്ടായി.
നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ ഇതിനകം സി.പി.എം പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത കോൺഗ്രസുകാരായ സഹകാരികൾക്കെതിരെ നടപടികളുണ്ടാകില്ല. കരുവന്നൂർ ഉൾപ്പെടെ സഹകരണ സംഘങ്ങളിലെ തട്ടിപ്പ് ജനങ്ങൾക്കിടയിൽ വലിയ രോഷമുണ്ടാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് നേതൃയോഗം വിലയിരുത്തുന്നു. അത് സി.പി.എമ്മിനെതിരായി പരമാവധി ഉപയോഗിക്കണം. അതിനായി കേന്ദ്ര ഇടപെടലിനെ എതിർക്കുമ്പോൾ തന്നെ സി.പി.എമ്മിന്റെ കൊള്ള തുറന്നുകാട്ടി പ്രചാരണം നടത്താനുമാണ് തീരുമാനം. ‘നിക്ഷേപകരെ സംരക്ഷിക്കൂ; കൊള്ളക്കാരെ തുറുങ്കിലടക്കൂ’ മുദ്രാവാക്യവുമായി ഒക്ടോബർ 16ന് തിരുവനന്തപുരത്ത് സഹകാരികളുടെ സംഗമം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.