പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചവരുടെ വീടുകളിൽ ഇ.ഡി റെയ്​ഡ്​

മലപ്പുറം/ മഞ്ചേരി/ അരീക്കോട്​: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യയുമായി (പി.എഫ്.ഐ) ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ എൻസ്ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്​ഡ്​ നടത്തി. മലപ്പുറം ജില്ലയിൽ മഞ്ചേരി, അരീക്കോട്​, മലപ്പുറം, കൊണ്ടോട്ടി, കൊളത്തൂർ സ്​റ്റേഷൻ പരിധികളി​ലെ എട്ടിടങ്ങളിലാണ്​ പരിശോധന നടന്നത്​. രാവിലെ ആറോടെ തുടങ്ങിയ പരിശോധന വൈകീട്ട്​ വരെ നീണ്ടു. പരിശോധനയുടെ ഭാഗമായി മലപ്പുറം നഗരത്തിലടക്കം സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

പി.എഫ്.ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളു​ടെ ഭാഗമായാണ്​ റെയ്​ഡ്​ നടന്നത്​. കേരള പൊലീസിന്റെയും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു റെയ്​ഡ്​. മഞ്ചേരി പരിധിയിൽ രണ്ടിടങ്ങളിലായാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്. മങ്കട പഞ്ചായത്ത് അസി. എൻജിനീയർ മഞ്ചേരി പാലക്കുളം തടവള്ളി തയ്യിൽ അബ്ദുൽ ജലീൽ, പുൽപറ്റ ഷാപ്പിൻകുന്ന് മണ്ണേത്തൊടി പള്ളിയാളി ഹംസ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഇരുവീടുകളിൽനിന്ന് ഏതാനും രേഖകൾ കസ്റ്റഡിയിലെടുത്തു.

അരീക്കോട്ട് മൂന്നുപേരുടെ വീടുകളിലാണ്​ റെയ്ഡ് നടത്തിയത്​. കൊഴക്കോട്ടൂർ കൊടപ്പത്തൂർ അബൂബക്കർ, മൂർക്കനാട് സ്വദേശിയായ അധ്യാപകൻ നൂറുൽ അമീൻ, എളയൂർ സ്വദേശി ഹനീഫ എന്നിവരുടെ വീടുകളിലാണിത്. നൂറുൽ അമീന്റെ വീട്ടിൽ നടന്ന പരിശോധനയിൽ മൊബൈൽ ഫോണും ആധാരവും പിടികൂടി. ഹനീഫയുടെ വീട്ടിൽ നടന്ന പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരുപുസ്തകവും പിടികൂടി. ഇദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. അബൂബക്കറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലും മൊബൈൽ ഫോൺ പിടിച്ചെടുത്തു​.

മലപ്പുറം കോഡൂർ സ്വദേശിയും അധ്യാപകനുമായ അബ്​ദുൽ അസീസ്​, കൊണ്ടോട്ടി പുളിക്കൽ സ്വദേശി റഫീഖ്​, വെങ്ങാട്​ സ്വദേശി ഹൈദർ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ഇവിടങ്ങളിൽനിന്ന് മൊഴി രേഖപ്പെടുത്തി ചില രേഖകൾ കൊണ്ടുപോയിട്ടുണ്ടെന്നാണ്​ വിവരം. 

Tags:    
News Summary - ED raided the houses of those who worked in connection with the Popular Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.