തിരുവനന്തപുരം: 2018--19 അക്കാദമിക് വര്‍ഷം മുഴുവൻ വിദ്യാർഥികള്‍ക്കും എ പ്ലസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവരുടെ പഠനപ്രയാസം പരിഹരിക്കാൻ ശാസ്ത്രീയ ഇടപെടലിന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 201 പ്രവൃത്തിദിനം ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നൽകി. ആറാം പ്രവൃത്തിദിനമല്ലാത്ത എട്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനമായി കൂട്ടിച്ചേര്‍ത്തു. സ്കൂൾ ജൂണ്‍ ഒന്നിന് തുറക്കും.2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക ശ്രദ്ധ നൽകുക. മോഡൽ പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തി പഠനപ്രയാസം നേരിടുന്ന വിഷയങ്ങളിൽ ഫെബ്രുവരി 15 മുതൽ 28 വരെ പ്രത്യേക പരിശീലനം നൽകും.
വര്‍ഷാവസാന പരീക്ഷാ തയാറെടുപ്പിന് പാഠ്യേതര പ്രവര്‍ത്തനം ഡിസംബർ 31ന് മുമ്പ് പൂര്‍ത്തിയാക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷകള്‍ക്ക് മുന്‍തൂക്കം നൽകും. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അഞ്ചുമുതൽ ഒമ്പതുവരെ ആലപ്പുഴയിൽ നടക്കും. സെപ്റ്റംബറിൽ സ്കൂൾതല കലോത്സവം പൂര്‍ത്തിയാക്കും. ഒക്ടോബറിൽ സബ്ജില്ലാതലത്തിലും നവംബർ ആദ്യവാരം ജില്ലാതലത്തിലും കലോത്സവം പൂര്‍ത്തിയാക്കും.
ശാസ്ത്രോത്സവം നവംബർ ഒമ്പത് മുതൽ 11വരെയാണ്. ശാസ്ത്രോത്സവത്തിൽ എൽ.പി സ്കൂൾ തല മത്സരം സബ്ജില്ലാ തലത്തിലും യു.പി സ്കൂൾ തല മത്സരം ജില്ലാതലത്തിലും അവസാനിപ്പിക്കും. ഹൈസ്കൂൾ, ഹയർസെക്കഡറി സ്കൂൾ തലത്തിലുള്ള വിദ്യാർഥികൾ മാത്രമായിരിക്കും സംസ്ഥാനതലത്തിൽ പങ്കെടുക്കുക. സർഗോത്സവം ഡിസംബർ 27മുതൽ 30 വരെയാണ്.
ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ് 30ന് തുടങ്ങും. രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബർ 12 മുതൽ 20വരെ. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വാര്‍ഷിക പരീക്ഷ മാര്‍ച്ച് ആറ് മുതൽ 25വരെയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.