തൃശൂർ: ഉപഭോക്താക്കൾക്ക് ഉടൻ വൈദ്യുതി ബിൽ തുക നൽകാൻ സൗകര്യമൊരുക്കും വിധം സ്പോട്ട് ബില്ലിങ് മെഷീനുകളുമായി കെ.എസ്.ഇ.ബി. യെസ് ബാങ്കുമായി സഹകരിച്ചാണ് പരീക്ഷണ പദ്ധതി കൊണ്ടുവരുന്നത്. ആദ്യഘട്ടം തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കും.
ഇതിന്റെ ഭാഗമായി 200 സ്പോട്ട് ബില്ലിങ് മെഷീനുകൾ പ്രതിമാസം 90 രൂപ വാടകക്ക് യെസ് ബാങ്ക് നൽകും. മീറ്റർ റീഡർമാരുടെ കൈയിൽ മെഷീനുകൾ നൽകി പണം പിരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച കെ.എസ്.ഇ.ബി മുഴുസമയ ഡയറക്ടർമാരുടെ തീരുമാന ഉത്തരവ് ഇറങ്ങി.
ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ വഴി പണം സ്വീകരിക്കാനാവുന്ന ആൻഡ്രോയ്ഡ് സോഫ്റ്റ്വെയർ ഉപയോഗിച്ചാകും പ്രവർത്തനം. കാർഡുകൾ സ്വൈപ് ചെയ്ത് പണം ഈടാക്കി തിരിച്ചുനൽകാം. ഇതിൽ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് സോഫ്റ്റ്വെയർ, എയ്സ് വെയർ ഫിൻടെസ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് നിർമിച്ചത്. ആറുമാസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ആദ്യ 15 ദിവസശേഷം പദ്ധതി സംബന്ധിച്ച റിപ്പോർട്ട് ചീഫ് എൻജിനീയർ സമർപ്പിക്കണം. ദിവസവും ശേഖരിക്കുന്ന തുക കെ.എസ്.ഇ.ബിക്ക് കൈമാറണമെന്നാണ് യെസ് ബാങ്കുമായി ഉണ്ടാക്കിയ ധാരണ. പദ്ധതി സംബന്ധിച്ച് യെസ് ബാങ്ക് സമർപ്പിച്ച പ്രപോസൽ കെ.എസ്.ഇ.ബി അംഗീകരിക്കുകയായിരുന്നു. നേരത്തേ നേരിട്ട് വൈദ്യുതി ബിൽ പിരിക്കാൻ ആലോചിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. നിലവിൽ മീറ്റർ റീഡർമാർ ബിൽ നൽകിയ ശേഷം മൂന്നു ദിവസത്തിനു ശേഷം മാത്രമേ പണം അടക്കാൻ സാധിക്കൂ.
നേരിട്ട് ബിൽ സ്വീകരിച്ചാൽ ആ തുക നേരത്തേ കെ.എസ്.ഇ.ബിയിൽ എത്തുകയും ഉപഭോക്താക്കൾക്ക് സൗകര്യപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. സ്വകാര്യ ബാങ്കിനെ പദ്ധതി ഏൽപിക്കുന്നത് സംബന്ധിച്ച് ജീവനക്കാർക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.