തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലൂടെ കടന്നുപോകവെ വിതരണ ശൃംഖലയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ ജാഗ്രതയോടെ കണ്ട് ഇടപെടൽ നടത്താൻ കെ.എസ്.ഇ.ബി നിർദേശം. അമിതമായി വൈദ്യുതി ഉപയോഗിക്കപ്പെടുന്ന മേഖലകളിൽ വിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞയാഴ്ച ട്രാൻസ്ഫോർമറുകൾ നിരീക്ഷിച്ച് ലോഡ് ക്രമീകരിക്കുന്ന പ്രവർത്തനം ആരംഭിച്ചിരുന്നു. ഇത് ഊർജിതമായി തുടരാനാണ് സെക്ഷൻ ഓഫിസുകൾക്ക് ലഭിച്ച നിർദേശം. കഴിഞ്ഞ ദിവസങ്ങളിൽ ലോഡ് കുറവുണ്ടായിരുന്നയിടങ്ങളിലെ ട്രാൻസ്ഫോർമറുകളിലും ശേഷിയെക്കാൾ ഉയർന്ന നിലയിൽ ഉപഭോഗമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
ഡിമാൻഡ് സൈഡ് മാനേജ്മെന്റ് (ഡി.എസ്.എം) ബോധവത്കരണം റെസിഡൻറ്സ് അസോസിയേഷൻ വഴിയും വലിയതോതിൽ വൈദ്യുതി ആവശ്യകതയുള്ള ഉപഭോക്താക്കളെ സമീപിച്ചും നടത്തുന്നുണ്ട്. പീക്ക് സമയത്ത് ഉപഭോഗം പരമാവധി കുറക്കുക എന്ന സന്ദേശമാണ് നൽകുന്നത്. വൈകീട്ട് ആറിനും രാത്രി 11നും ഇടക്ക് അത്യാവശ്യമില്ലാത്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക വാട്ടർ പമ്പ്, ഇ.വി ചാർജിങ് സമയം ക്രമീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിവരുന്നത്. എന്നാൽ, ബോധവത്കരണം തുടരുമ്പോഴും വൈദ്യുതി ഉപയോഗം കുറക്കാനാവാത്ത സാഹചര്യമാണ്. എ.സിയുടെ താപനില 25ൽ ക്രമീകരിക്കണമെന്ന് കെ.എസ്.ഇ.ബിയും എനർജി മാനേജ്മെന്റ് സെന്റർ അടക്കം സർക്കാർ ഏജൻസികളും ആവർത്തിച്ച് അഭ്യർഥിക്കുന്നുണ്ട്. എന്നാൽ, ഉയർന്ന ചൂടിൽ മുറി തണുപ്പിക്കാൻ 22-20 വരെയായി താപനില കുറച്ച് എ.സി ഉപയോഗിക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു.
ഈ സീസണിൽ പരമാവധി 110 ദശലക്ഷം യൂനിറ്റ് വരെയായി വൈദ്യുതി ഉപയോഗം കൂടാൻ സാധ്യതയുണ്ട് എന്നാണ് കെ.എസ്.ഇ.ബി കണക്കുകൂട്ടിയിരിക്കുന്നത്. ‘110’ ലേക്ക് ഏപ്രിൽ അവസാനത്തോടെയോ അല്ലെങ്കിൽ മേയ് പകുതിയോടെയോ എത്തും എന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇത് ഈയാഴ്ചതന്നെ പിന്നിടുന്ന നിലയിലേക്കാണ് കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.