തിരുവനന്തപുരം: വൈദ്യുതി സർചാർജ് എല്ലാ മാസവും ഈടാക്കണമെന്ന കേന്ദ്ര നിർദേശം കേരളത്തിലും നടപ്പാക്കുന്നു. വൈദ്യുതി വാങ്ങൽ ചെലവിന്‍റെ അധികബാധ്യത ഇന്ധന സർചാർജായി ഈടാക്കുന്നതിന് സമാനമായി കുറഞ്ഞാൽ അതിന്‍റെ ഗുണവും ഉപഭോക്താക്കൾക്ക് നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. എല്ലാ മാസവും സർചാർജ് ഈടാക്കണമെന്ന കേന്ദ്രനിർദേശം മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തു. ജനങ്ങളുടെ എതിർപ്പുണ്ടാകാത്തവിധം നടപ്പാക്കണമെന്ന അഭിപ്രായമാണ് ഉയർന്നത്. നിയമോപദേശത്തിനുശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര വ്യവസ്ഥ അതുപോലെ നടപ്പാക്കിയാൽ വിതരണക്കമ്പനികൾക്ക് എല്ലാ മാസവും ഇന്ധന സർചാർജ് സ്വയമേവ ഈടാക്കാൻ വഴിയൊരുങ്ങും. ഉപഭോക്താക്കൾക്ക് അധികബാധ്യത വരുകയും ചെയ്യും. റെഗുലേറ്ററി കമീഷനെയാണ് ഇതിന് ചട്ടമുണ്ടാക്കാൻ കേന്ദ്രം നിർദേശിച്ചത്. നേരത്തേ കേന്ദ്ര നിർദേശത്തെ കേരളം ശക്തമായി എതിർത്തിരുന്നു.
ഭേദഗതി ചട്ടം നടപ്പാക്കിയാൽ പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതിനിരക്കും കൂടുമെന്ന് കേരളം അറിയിച്ചിരുന്നു. സർചാർജിന്റെ കാര്യത്തിൽ വർഷത്തിലൊരിക്കൽ റെഗുലേറ്ററി കമീഷൻ പരിശോധിച്ചാൽ മതിയെന്ന കേന്ദ്രനിർദേശം കമീഷനുകളുടെ അധികാരത്തിൽ വെള്ളം ചേർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ എതിർപ്പ് തള്ളി മുന്നോട്ടുപോകാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ വിജ്ഞാപനവും പുറത്തിറക്കി.
കേന്ദ്ര നിർദേശം നടപ്പാക്കുമ്പോൾ വൈദ്യുതി വൻതോതിൽ വാങ്ങാത്ത ചില മാസങ്ങളിൽ കുറവുവന്നേക്കാമെന്ന അഭിപ്രായവും യോഗത്തിൽ വന്നു. നിലവിൽ മൂന്നുമാസത്തിലൊരിക്കലാണ് വൈദ്യുതി ബോർഡ് സർചാർജ് അപേക്ഷ നൽകുന്നത്. ഇത് റെഗുലേറ്ററി കമീഷൻ പരിശോധിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്ത ശേഷമാണ് അനുമതി നൽകുന്നത്. അപ്പപ്പോൾ സർചാർജ് പിരിക്കുന്ന രീതി ഇപ്പോഴില്ല.നികത്താനുള്ള ബാധ്യതയുടെ കൂട്ടത്തിലേക്ക് ഇത് മാറ്റുകയും ചെയ്യാറുണ്ട്. മാസാമാസം സർചാർജ് വരുന്നതോടെ റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് നടത്താനുള്ള സാധ്യതയും കുറയും.
നിലവിൽ ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ 10 പൈസ വരെയുള്ള വ്യതിയാനം സ്വയമേവ ഈടാക്കുന്നുണ്ട്. പുറമെയുള്ള വ്യതിയാനം കമീഷന്റെ അംഗീകാരത്തോടെയാണ് ഈടാക്കുന്നത്. മഹാരാഷ്ട്രയിൽ മൊത്തം വ്യതിയാനവും സ്വയമേവ ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.