തിരുവനന്തപുരം: വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ പി.കെ. ഇന്ദിര തീരുമാനിച്ചതായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വൈദേകത്തിലെ ഓഹരി പങ്കാളികളിൽ ഒരാൾ മാത്രമാണ് ഭാര്യ. ഓഹരി മറ്റാർക്കെങ്കിലും കൊടുക്കാനാണ് തീരുമാനമെന്നും ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള നിരാമയയും വൈദേകം റിസോർട്ടും തമ്മിലുള്ള ഇടപാടുകൾ എന്താണെന്ന് വിശദീകരിക്കാൻ ജയരാജൻ തയാറായില്ല. ഇടപാടുകളെ കുറിച്ച് കമ്പനിയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി പേർ കരാർ അടിസ്ഥാനത്തിൽ വൈദേകത്തിൽ ചികിത്സകൾ നടത്താറുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണോ നിരാമയ എന്ന് രാജീവ് ചന്ദ്രശേഖരനോടാണ് ചോദിക്കേണ്ടതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
തന്‍റെ ഭാര്യക്ക് വൈദേകത്തിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് 2021ൽ തന്നെ താൻ സമ്മതിച്ചിട്ടുണ്ട്. നിലവിലെ വിവാദങ്ങളുടെയും തന്നെ കളങ്കപ്പെടുത്തുന്ന രീതിയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് ഭാര്യ ഓഹരി ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി സ്ഥാനാർഥികൾ മികച്ചവരാണെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നടത്തിയ പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് ഏറ്റെടുത്തു. ബി.ജെ.പിക്കുവേണ്ടി വോട്ടുപിടിക്കുന്ന ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനറാണോ, അതോ എൻ.ഡി.എ കൺവീനറാണോ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ചോദ്യം ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പിണറായിയും മോദിയും തമ്മിലുള്ള അന്തർധാരയുടെ തെളിവായി ജയരാജന്റെ വാക്കുകൾ ഉയർത്തിക്കാട്ടുമ്പോൾ കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ട് ആരോപിച്ച സി.പി.എം അതേ വിഷയത്തിൽ പ്രതിരോധത്തിലായി.
ഇ.പി. ജയരാജനും പിന്നീട് തിരുത്തിയെങ്കിലും പാർട്ടി കുരുങ്ങിയ കുരുക്ക് അഴിയുന്നില്ല. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആക്ഷേപം ഉയരുകയും ഇൻകം ടാക്സ്, ഇ.ഡി അന്വേഷണം വരുകയും ചെയ്തപ്പോൾ റിസോർട്ടിൽ ഭാര്യക്കും മകനുമുള്ള ഓഹരി കൈമാറി തടിയൂരുകയാണ് ജയരാജൻ ചെയ്തത്.
പ്രസ്തുത ഓഹരി ഏറ്റെടുത്തത് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ കുടുംബത്തിന് പങ്കാളിത്തമുള്ള നിരാമയ കമ്പനിയാണ്.ബി.ജെ.പി സ്ഥാനാർഥികൾ മികച്ചതെന്ന് പറയുന്ന ഇ.പി. ജയരാജൻ തന്‍റെ ബിസിനസ് ബന്ധം രാഷ്ട്രീയ ബന്ധമാക്കി വളർത്തിയെന്നാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നത്. ബിസിനസ് ബന്ധമില്ലെന്നും തമ്മിൽ കണ്ടിട്ടു പോലുമില്ലെന്നും ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖറും വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.