പത്തനാപുരം: അസുഖബാധിതയായ മാതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനോ വകയില്ലാത്തതിനാൽ കടുത്ത മനോവേദനയിലായിരുന്നു, ജീവനൊടുക്കിയ സാക്ഷരത പ്രവര്ത്തകന് ഇ.എസ്. ബിജുമോന് അവസാനനാളുകളില്‍. ‘പച്ചക്കറി വാങ്ങാൻ പോലും നിവൃത്തിയില്ല. 36 വർഷം കഷ്ടപ്പെട്ടിട്ടും ശമ്പളം ലഭിക്കുന്നില്ല. ശമ്പളം കിട്ടുമ്പോൾ അമ്മക്ക് എല്ലാം കൊണ്ടുത്തരും...’ എപ്പോഴും ബിജുമോൻ ഇങ്ങനെ പറയുമായിരുന്നെന്ന് വിതുമ്പലൊതുക്കി മാതാവ് വിജയയമ്മ പറഞ്ഞു. സമരത്തിന് പോകുന്നതുതന്നെ പലരിൽനിന്നും കടംവാങ്ങിയാണെന്ന് മകന് പറയുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
ബജറ്റില്‍ നമുക്കായി ഒന്നുമില്ലെങ്കില്‍ താന്‍ രക്തസാക്ഷിത്വം വരിക്കുമെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞിട്ടാണ് ബിജുമോന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയതെന്ന് പ്രേരക് അസോസിയേഷന് ജില്ല സെക്രട്ടറി സി. ഷീജ പറഞ്ഞു. പ്രേരക്മാര്‍ കടുത്ത പ്രയാസത്തിലാണ്. നവംബര്‍ 21 മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നു. സമരം 81 ദിവസം പിന്നിട്ടിട്ടും സര്‍ക്കാറിൽനിന്ന് നടപടിയൊന്നുമില്ല. 25 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നവരാണ് പ്രേരക്മാരില്‍ അധികവും. ആറ് മാസത്തിലേറെയായി വേതനം ലഭിക്കുന്നില്ലെന്നും സാക്ഷരത പ്രവര്‍ത്തകര്‍ പറയുന്നു.
ബിജുമോന്റെ വിയോഗവാർത്തയറിച്ച് രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ കുടുംബത്തെ സന്ദര്‍ശിച്ചു. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. ഇനിയെങ്കിലും സര്‍ക്കാർ കണ്ണുതുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറും വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.