സമസ്തക്ക് ശക്തിപകര്‍ന്ന് ഒറ്റക്കെട്ടായി നിലകൊള്ളും -സംഗമം

ചേളാരി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് ശക്തിപകര്‍ന്ന് ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കൗണ്‍സില്‍മാരുടെ സംഗമം പ്രഖ്യാപിച്ചു.

സമസ്തയെയും അതിന്റെ നേതാക്കളെയും പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിക്കുകയും പൊതുജനമധ്യത്തില്‍ ഇകഴ്ത്തുകയും ആശയവ്യതിയാനം വരുത്തുകയും ചെയ്തവര്‍ക്കെതിരെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്രമുശാവറ കൈകൊണ്ട അച്ചടക്ക നടപടി അനിവാര്യ സാഹചര്യത്തിലായിരുന്നുവെന്ന് യോഗം വിലയിരുത്തി.

നിരന്തരം ആവശ്യപ്പെട്ടിട്ടും തെറ്റ് തിരുത്താതിരിക്കുകയും സമസ്തയുടെ തീരുമാനങ്ങളെ നിരന്തരം ധിക്കരിച്ച് മുന്നോട്ടുപോവുകയും ചെയ്ത അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയുടെ എല്ലാ ഘടകങ്ങളില്‍നിന്നും നീക്കംചെയ്യാനുള്ള കേന്ദ്ര മുശാവറയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും യോഗം വ്യക്തമാക്കി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു.

സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പി.എം. അബ്ദുസ്സലാം ബാഖവി , സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി. ഹംസ മുസ്‍ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, വി. മൂസക്കോയ മുസ്‍ലിയാര്‍, കെ. ഹൈദര്‍ ഫൈസി, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, സമസ്ത കേരള ഇസ്‍ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി സംബന്ധിച്ചു. 

Tags:    
News Summary - Everything will become stronger and stand as one - confluence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.