തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് ഭരണഘടന ഭേദഗതി പ്രകാരമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. അത് നടപ്പാക്കുന്നതിനെ വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താൽപര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമെന്നും സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു.
മുസ്ലിം ലീഗ് ഉൾപ്പെടെ യു.ഡി.എഫും 2011ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുന്നാക്ക സംവരണം ഉൾപ്പെടുത്തി. എന്നാൽ, ഇപ്പോൾ വർഗീയ ധ്രുവീകരണത്തിനായി മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണം. നിലവിലെ സംവരണ ആനുകൂല്യങ്ങളിൽ കുറവൊന്നും വരുത്തിയിട്ടില്ല. ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി. 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങൾക്കും 10 ശതമാനം മുന്നാക്ക വിഭാഗങ്ങൾക്കുമായിരിക്കും. ഇത് നടപ്പാക്കുമ്പോൾ നിലവിലെ സംവരണ ആനുകൂല്യത്തിൽ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സർക്കാർ പുലർത്തും.
സംവരണ പ്രശ്നത്തിൽ സി.പി.എമ്മിന് കൃത്യമായ നിലപാടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ എൽ.ഡി.എഫ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കും സംവരണമെന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു. ആ കാഴ്ചപ്പാടിന് അനുസൃതമായാണ് ഭരണഘടന ഭേദഗതി പാർലമെൻറ് പാസാക്കിയതെന്നും സി.പി.എം സെക്രേട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.