നോർക്ക രജിസ്ട്രേഷൻ 4.13 ലക്ഷമായി; തൊഴിൽ നഷ്ടപ്പെട്ട് 61,009 പേർ

തിരുവനന്തപുരം: കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന്  കേരളത്തിലേക്ക് മടങ്ങാൻ നോർക്കയിൽ  രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1,50,054 മലയാളികളും  രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക്ഡൗണിനെ തുടർന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയർന്നു.
 
വിദേശത്തുനിന്നും മടങ്ങുന്ന പ്രവാസികളിൽ  61,009  പേർ തൊഴിൽ നഷ്ടപ്പെട്ട തിനെത്തുടർന്നാണ് മടങ്ങിയെത്തുക. രജിസ്റ്റർ ചെയ്തവരിൽ 10,628 കുട്ടികളും 11,256  വയോജനങ്ങളുമാണ്.
പഠനം പൂർത്തിയാക്കിയ 2,902 വിദ്യാർഥികളും മടങ്ങിവരും.
 
വാർഷികാവധിക്ക് വരാൻ ആഗ്രഹിക്കുന്ന 70,638 പേരും സന്ദർശന വിസ കാലാവധി കഴിഞ്ഞ 41,236 പേരും വിസ കാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പ്രവാസികളും മടങ്ങിവരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
 
ജയിൽ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാൽ 12,8061 വിദേശ പ്രവാസികളും കേരളത്തിലേക്ക്  മടങ്ങാൻ ആഗ്രഹിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 

രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ മലയാളികളുടെ പേരു വിവരവും മുൻഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായി.

ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്ട്രേഷനിൽ  കര്‍ണാടകയില്‍ നിന്ന് മടങ്ങിവരാൻ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്നും 49,233 പ്രവാസികളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്.   തമിഴ്നാട്ടിൽനിന്ന് 45,491 പേരും മഹാരാഷ്ട്രയിൽ നിന്ന് 20,869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Expat Norka Registration -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.