ഇരിട്ടി: കാട്ടാനശല്യം മൂലം സ്വന്തം വീടും രണ്ട് ഏക്കറിലധികം കൃഷിയിടവും ഉപേക്ഷിച്ച് വാടക വീട്ടിൽ കഴിയേണ്ടി വരുന്നതിലെ മനോവിഷമം കാരണം ജീവനൊടുക്കിയ കർഷകൻ അയ്യൻകുന്ന് മുടിക്കയത്തെ നടുവത്ത് സുബ്രഹ്മണ്യന്റെ (71) വാടകവീട്ടിലെത്തി റവന്യൂവകുപ്പ് സംഘം വിവരശേഖരണം നടത്തി. ഇരിട്ടി തഹസിൽദാറുടെ നിർദേശപ്രകാരം അയ്യൻകുന്ന് വില്ലേജ് ഓഫിസറാണ് കുടുബാംഗങ്ങൾ, നാട്ടുകാർ എന്നിവരിൽനിന്നും വിവരം ശേഖരിച്ചത്. കൃഷി ഓഫിസറും എത്തിയിരുന്നു. വ്യാഴാഴ്ചയാണ് സുബ്രഹ്മണ്യനെ വാടകവീട്ടിലെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പത്ത് വർഷത്തിലധികമായി അർബുദ രോഗത്തിന് ചികിത്സ നടത്തുന്ന സുബ്രഹ്മണ്യന് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. കാട്ടാനശല്യം മൂലം പറമ്പിൽ നിന്നും ആദായമൊന്നും ലഭിക്കാതെ വന്നതോടെ വർധക്യകാല പെൻഷനും ഭാര്യയുടെ തൊഴിലുറപ്പിൽ നിന്നും കിട്ടുന്ന വരുമാനവും കൊണ്ടായിരുന്നു ജീവിച്ചിരുന്നത്. മൂന്ന് മാസമായി പെൻഷൻ മുടങ്ങിയതോടെ ഏറെ വിഷമിച്ചിരുന്നുവെന്നും ബന്ധുക്കളും പറഞ്ഞിരുന്നു. സർക്കാറാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് നിരവധി സംഘടനകൾ രംഗത്തെത്തി. എം.എൽ.എമാരായ സണ്ണി ജോസഫും സജീവ് ജോസഫും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യനും വീട്ടിലെത്തിയിരുന്നു.
സുബ്രഹ്മണ്യന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളും രംഗത്തെത്തി. മരണത്തിന് കാരണം ഇടതുപക്ഷ സർക്കാരാണെന്നും വിവിധ സംഘടന നേതാക്കൾ ആരോപിച്ചു. അയ്യൻകുന്നിലെ ഉൾപ്പെടെയുളള കേരളത്തിലെ കർഷകരുടെ ആത്മഹത്യക്ക് കാരണം പിണറായി വിജയനാണന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള കോൺഗ്രസിന്റെ പേരാവൂർ നിയോജക മണ്ഡലത്തിലെ കർഷകരുടെ ആദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് തെയ്യിൽ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ, വർഗീസ് വെട്ടിയാങ്കൽ, ജോസ് നരിമറ്റം, പി.സി. ജോസഫ്, ജോർജ് തോമസ്, ഡെന്നിസ് മാണി, ബീന റോജസ്, ജോയ് തെക്കേടം, പി.ജെ. പോൾ, ജോർജ് ആന്റണി, ജിജോ അടവുനാൽ എന്നിവർ സംസാരിച്ചു.
കർഷകൻ ആത്മഹത്യ ചെയ്തത് വനം വകുപ്പിന്റെ അനാസ്ഥ മൂലമാണെന്ന് കേരള കോൺഗ്രസ് എം അയ്യങ്കുന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. 2.2എക്കർ സ്ഥലം ഉണ്ടായിട്ടും അതിലെ ആദായം എടുക്കുവാൻ സാധിക്കതെ സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്ക് താമസം മാറ്റേണ്ട അവസ്ഥ ഇനി ഒരാൾക്കും ഉണ്ടാകരുത്.
വനാതിർത്തിയിലുള്ള കർഷകരുടെ കൃഷി ഭൂമി മതിൽ കെട്ടി വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ബാബുനടയത്ത്, ഷൈജു കുന്നോല, മാത്യു പുളിക്കുന്നേൽ, സി.എം ജോർജ്, ജോർജ് ഒരത്തേൽ, ജോസ് മാപ്പിള പറമ്പിൽ, അബ്രഹാം വെട്ടിക്കൽ, വർഗീസ് ആനിത്തോട്ടം, ജൂബി മണ്ണൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.