‘ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവിൽപന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്’; വിമർശനവുമായി ഐഷ സുൽത്താന

കൊച്ചി: ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കാനുള്ള നീക്കത്തെ വിമർശിച്ച്​ സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ സർക്കാർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരുന്നു. ദ്വീപിലെ മദ്യനയം സംബന്ധിച്ച്​ 30 ദിവസത്തിനകം അഭിപ്രായം രേഖപ്പെടുത്താനാണ്​ ഭരണകൂടം ജനങ്ങളോട്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ഗുജറാത്ത് പോലെ പൂർണ മദ്യനിരോധനമുള്ള സ്ഥലമാണ് ലക്ഷദ്വീപ്. ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവിൽപന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്‍റെ കാരണം എന്താണ്? ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണെന്നും ഐഷ സുൽത്താന സമൂഹമാധ്യമത്തിൽ കുറിച്ചു.

ഐഷ സുല്‍ത്താനയുടെ കുറിപ്പിന്‍റെ പൂർണരൂപം താഴെ

‘ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ? എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സർക്കാർ:☺️

ലക്ഷദ്വീപിലേക്ക് മദ്യം "ആവശ്യമില്ല" എന്ന്‌ തന്നെയാണ് ജനങളുടെ അഭിപ്രായം, മദ്യം പൂർണ്ണ നിരോധനമുള്ള സ്ഥലമാണ് "ഗുജറാത്ത്" അല്ലെ അതേ പോലെ മദ്യം പൂർണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് "ലക്ഷദ്വീപ്"

ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം?

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്... നാട്ടുകാർക്ക് ആവശ്യമായ

ഭക്ഷണസാധനങ്ങളാണ്, ജനങളുടെ ചികിത്സയിക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമ്മാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക് കോളേജും സ്കൂളുകളിലേക്ക് ടീച്ചർമ്മാരെയുമാണ്, മഴ പെയ്താൽ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറണ്ടുകളാണ്, മത്സ്യ ബന്ധന തൊഴിലാളിമാർക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാണ്ടുകളുമാണ്, ജനങ്ങൾക്ക് യാത്ര സൗകര്യം കൂട്ടികൊണ്ടുള്ള കപ്പലുകളാണ്, ഇന്നോടികൊണ്ടിരിക്കുന്ന കപ്പലുകൾക്ക് എഞ്ചിൻ ഓഫ്‌ ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്, ഇക്കണക്കിന്‌ പോയാൽ 20 വർഷം ഓടേണ്ട കപ്പൽ 10 വർഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ? കൊണ്ട് വരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്...

ഇതൊക്കെയാണ് ഞങ്ങൾ ജനങളുടെ ആവശ്യം...

ഇതിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?’

Tags:    
News Summary - film director and activist aisha sultana is against the governments move to provide alcohol in lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.