കൊച്ചി: ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി അഞ്ചുപേർ പൊലീസ് പിടിയിൽ. ആലുവ എടത്തല തുരുത്തുമ്മേൽപറമ്പിൽ വീട്ടിൽ സനൂപ് (39), മുപ്പത്തടം തണ്ടരിക്കൽ വീട്ടിൽ ഷെമീർ (44), കപ്പലിപ്പള്ളത്ത് കേളംപറമ്പിൽ വീട്ടിൽ ഫസൽ (29), മലപ്പുറം കോട്ടക്കൽ കർത്തുമാട്ടിൽ വീട്ടിൽ സഫീല നസ്റിൻ (26), കോട്ടുവള്ളി സ്വദേശി നടക്കാപ്പറമ്പിൽ വീട്ടിൽ രഞ്ജിത്ത് (34) എന്നിവരാണ് ചേരാനല്ലൂർ വലിയമ്പലത്തിന് സമീപമുള്ള പാരഡൈസ് ഇൻ ഹോട്ടലിൽനിന്ന് 27.67 ഗ്രാം എം.ഡി.എം.എയും 41.40 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
ഹോട്ടലിൽ മുറിയെടുത്ത് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വൻകിട ഹോട്ടലുകളിൽ ഡി.ജെ പാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത് സനൂപാണെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഇയാൾക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളിൽ മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഇയാൾ മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചതിനുശേഷം സുഹൃത്തുക്കളായ യുവതികൾ വഴിയാണ് വിൽപന നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.എസ്. സുദർശന്റെ നിർദേശാനുസരണം എ.സി.പി സി. ജയകുമാറിന്റെ മേൽനോട്ടത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനെല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.