കൽബുർഗി വധത്തിന് അഞ്ചാണ്ട്; പിടിയിലാവാത മുഖ്യപ്രതികൾ

പുരോഗമനവാദിയും ഹംപി സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന എം.എം. കൽബുർഗി തീവ്ര ഹിന്ദുത്വ വാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചു വർഷം. ആറുപേരെ പ്രതികളാക്കി 2019 ആഗസ്റ്റ് 17ന് കർണാടക എസ്.െഎ.ടി കുറ്റപത്രം സമർപ്പിച്ച കേസിൽ അന്വേഷണം പൂർത്തിയായെങ്കിലും മുഖ്യപ്രതികളായ രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. കൽബുർഗി കേസിലെ ആറുപ്രതികളും 2017 സെപ്തംബർ അഞ്ചിന് ബംഗളൂരുവിൽ മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിനെ വെടിവെച്ചുകൊന്ന കേസിലെയും പ്രതികളാണ്.

2015 ആഗസ്റ്റ് 30 ന് രാവിലെ ധാർവാഡിലെ വീട്ടിൽെവച്ചാണ് കൽബുർഗി കൊല്ലപ്പെടുന്നത്. അന്ധവിശ്വാസ നിരോധന ബിൽ കർണാടകയിൽ നടപ്പാക്കാത്തതിനെതിരെ 2014 ജൂൺ ഒമ്പതിന് ബംഗളൂരുവിൽ കൽബുർഗി നടത്തിയ പ്രസംഗമാണ് തീവ്രഹിന്ദുത്വവാദികൾ അദ്ദേഹത്തെ ലക്ഷ്യംവെക്കാൻ കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഏറെ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ച കൽബുർഗി കേസിെൻറ വിചാരണ ധാർവാഡിലെ സെഷൻസ് കോടതിയിൽ ആരംഭിക്കാനിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ നടന്ന നരേന്ദ്ര ദാബോൽകർ (2013), ഗോവിന്ദ് പൻസാരെ (2015) വധത്തിലും കർണാടകയിൽ നടന്ന എം.എം. കൽബുർഗി (2015), ഗൗരി ലേങ്കഷ് (2017) വധത്തിലും സമാന സംഘം പ്രവർത്തിച്ചതായാണ് അന്വേഷണ സംഘങ്ങളുടെ കണ്ടെത്തൽ. ഗൗരി ലേങ്കഷ് കേസിൽ കർണാടക എസ്.െഎ.ടി നടത്തിയ നീക്കമാണ് മറ്റു മൂന്നു കേസുകളിലും പ്രതികളെ കുറിച്ച് വിവരം ലഭിക്കാൻ സഹായിച്ചത്. പൻസാരെ വധക്കേസ് മഹാരാഷ്ട്ര എസ്.െഎ.ടിയും ദാബോൽകർ കേസ് സി.ബി.െഎയും കൽബുർഗി, ഗൗരി ലേങ്കഷ് വധക്കേസുകൾ കർണാടക എസ്.െഎ.ടിയുമാണ് അന്വേഷിക്കുന്നത്. നാലുപേരെയും വെടിവെച്ചുകൊന്നതിന് പിന്നിലെ ഗൂഢാലോചനയുടെ സ്വഭാവം, കൊലപാതകത്തിെൻറ രീതി, ഉപയോഗിച്ച തോക്ക്, പ്രതികളുടെ സംഘടനാബന്ധം തുടങ്ങിയ സമാനതകൾ സനാതൻ സൻസ്തയിലേക്കാണ് അന്വേഷണം കൊണ്ടെത്തിച്ചത്.

2013 മുതൽ കൊലപാതകങ്ങൾക്ക് ഇവർ ഉപയോഗിച്ചതെന്ന് കരുതുന്ന നാലു നാടൻ തോക്കുകൾ മുംബൈ താനെയിലെ കടൽപാലത്തിന് താഴെ 2018 ജൂലൈ ഏഴിന് പ്രതികൾ ഉപേക്ഷിച്ചിരുന്നു. ദാബോൽകർ കേസ് അന്വേഷിക്കുന്ന സി.ബി.െഎ സംഘം വിദേശ ഏജൻസിയുടെ സഹായത്തോടെ കഴിഞ്ഞ വർഷം തോക്കുകൾ കണ്ടെടുത്തു. ഇതിന് കേന്ദ്ര ആഭ്യന്തരവകുപ്പിെൻറ പ്രത്യേക അവാർഡും രണ്ടാഴ്ച മുമ്പ് സി.ബി.െഎ സംഘം നേടി.

കൽബുർഗി കേസിലും പൻസാരെ കേസിലും തെളിവായി കണ്ടെടുത്ത വെടിയുണ്ടകളും തിരക്കൂടും പരിശോധിച്ച കർണാടക സ്റ്റേറ്റ് ഫോറൻസിക് ലബോറട്ടറി പൻസാരെയെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ട് തോക്കുകളിലൊന്നാണ് കൽബുർഗിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. പൻസാരെയെ വധിക്കാൻ ഉപയോഗിച്ച രണ്ടാമത്തെ നാടൻതോക്ക് ദാഭോൽകർ വധത്തിന് ഉപയോഗിച്ചെന്നും കൽബുർഗിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കുകളിലൊന്ന് ഗൗരി ലേങ്കഷിനെ വധിക്കാൻ ഉപയോഗിച്ചെന്നുമാണ് ബാലിസ്റ്റിക് തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നത്. തോക്കുകൾ കണ്ടെടുത്തെങ്കിലും ഫോറൻസിക് പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. പരിശോധനാഫലം ലഭിക്കുന്നതോടെ നാല് കൊലപാതക കേസുകൾ സംബന്ധിച്ചും സുപ്രധാന വിവരം ലഭിച്ചേക്കും.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.