കണ്ണൂർ: കനത്ത സുരക്ഷക്കിടയിലും മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധം അപ്രതീക്ഷിതം. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആസൂത്രിത നീക്കത്തിനൊടുവിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല സെക്രട്ടറി ആർ.കെ. നവീൻ കുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, മട്ടന്നൂർ മണ്ഡലം സെക്രട്ടറി കെ. സുനിത് എന്നിവർ അവസാന നിമിഷമാണ് അധിക തുക കൊടുത്ത് കൗണ്ടറിൽനിന്ന് ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയത്.
72 പേരുള്ള 6 -ഇ 7407 നമ്പർ ഇൻഡിഗോ വിമാനത്തിൽ 3.50നാണ് മുഖ്യമന്ത്രിയും എട്ടംഗ കമാൻഡോകളും കയറിയത്. മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിഷേധക്കാരായ മൂന്നംഗസംഘവും വിമാനത്തിൽ കയറാനെത്തി. ഇതിലൊരാൾ കറുത്ത ടീ ഷർട്ടാണ് ധരിച്ചിരുന്നത്. ഇവരെ സംശയാസ്പദ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യംചെയ്തിരുന്നു. എന്നാൽ, ആർ.സി.സിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ടിക്കറ്റ് കൈവശമുണ്ടായിരുന്നതുകൊണ്ടും ചോദ്യംചെയ്തതിൽ മറ്റ് പ്രശ്നങ്ങളില്ല എന്ന് മനസ്സിലായതുകൊണ്ടുമാണ് ഇവരെ യാത്രചെയ്യാൻ അനുവദിച്ചതെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർ പറയുന്നത്.
യുവാക്കളെ വിമാനത്തിൽ പ്രവേശിപ്പിച്ചതിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് എയർപോർട്ട് എസ്.എച്ച്.ഒ ആവർത്തിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും പരിശോധിച്ചിരുന്നെന്നും ആവശ്യം ന്യായമായതിനാലാണ് കയറ്റിവിട്ടതെന്നും എയർപോർട്ട് പൊലീസ് പറയുന്നു.
പ്രതിഷേധിച്ചവർ മദ്യപിച്ച് ലക്കുകെട്ടാണ് എത്തിയതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആരോപിച്ചപ്പോൾ ഇവർ മദ്യപിച്ചിട്ടല്ല വിമാനത്തിൽ കയറിയതെന്നാണ് എയർപോർട്ട് പൊലീസിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.