കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഭക്ഷ്യസുരക്ഷ നിയമം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍. എന്നാല്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ധാന്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകാന്‍ സമയമെടുക്കും. നവംബര്‍ പതിനാല് മുതല്‍ പദ്ധതി റേഷന്‍ കടകള്‍ വഴി നടപ്പാക്കണമെന്നാണ് നിര്‍ദേശമെങ്കിലും പരാതിപ്രളയവും വ്യാപാരികളുടെ സമരവുമാണ് നടപടിക്രമങ്ങള്‍ അവതാളത്തിലാക്കിയത്. മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കാര്‍ഡുകളുടെ സീലിങ് നടക്കാത്തതാണ് പദ്ധതി നടപ്പാക്കാനുള്ള പ്രധാന തടസ്സം.
നിലവിലെ താല്‍ക്കാലിക ലിസ്റ്റ് അനുസരിച്ച് കാര്‍ഡില്‍ ‘മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടത്, അന്തിമ ലിസ്റ്റിന് വിധേയം’ എന്ന സീലാണ് പതിക്കേണ്ടിയിരുന്നത്. എന്നാല്‍, കാര്‍ഡുകള്‍ ശേഖരിച്ച് താലൂക്ക് സപൈ്ള ഓഫിസുകളില്‍ എത്തിക്കേണ്ട വ്യാപാരികള്‍ സമരത്തിലായതോടെ ഇത് നടപ്പായില്ല. സീല്‍ ചെയ്യാന്‍ ഉത്തരവാദിത്തമുള്ള റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ ഹിയറിങ് ക്യാമ്പുകളിലായതും പ്രശ്നമായി. ഹിയറിങ്ങുകള്‍ ഡിസംബര്‍ അഞ്ച് വരെ തുടരും.
ഇതിനിടയില്‍ സമയം കണ്ടത്തെിവേണം സീലിങ് നടപ്പാക്കാന്‍. മുന്‍ഗണന ലിസ്റ്റ് സംബന്ധിച്ച് ഓരോ ജില്ലയിലും ഒരു ലക്ഷത്തോളം പരാതികളാണ് ലഭിച്ചത്. ഇവയില്‍ പകുതിയോളം മാത്രമാണ് തീര്‍പ്പാക്കിയത്. കാര്‍ഡ് സീലിങ് പൂര്‍ത്തിയാവുന്നതോടെയാണ് ഭക്ഷ്യധാന്യത്തിന് അര്‍ഹരായവരുടെ കൃത്യമായ എണ്ണം ലഭിക്കുക.
ഇത് ജില്ല സപൈ്ള ഓഫിസ് വഴി സിവില്‍ സപൈ്ളസ് ഡയറക്ടറേറ്റിനെ അറിയിക്കണം. തുടര്‍ന്ന് എഫ്.സി.ഐയുടെ ഡല്‍ഹി ഓഫിസിലും തുടര്‍ന്ന് മൊത്ത വിതരണ കേന്ദ്രങ്ങളിലും ശേഷം റേഷന്‍ കടകളിലും അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ധാന്യവിതരണം ആരംഭിക്കാന്‍ കഴിയൂ. എ.എ.വൈ വിഭാഗത്തിന് 28 കി.ഗ്രാം അരി, ഏഴ് കി.ഗ്രാം ഗോതമ്പ്, മുന്‍ഗണന ലിസ്റ്റില്‍പെട്ടവര്‍ക്ക് ഓരോ ആള്‍ക്കും നാല് കി.ഗ്രാം അരി, ഒരു കി.ഗ്രാം ഗോതമ്പ് എന്നിങ്ങനെയാണ് ഏറ്റവും പുതുക്കിയ വിഹിതം. സംസ്ഥാനത്ത് എ.എ.വൈ, മുന്‍ഗണന വിഭാഗങ്ങളിലായി 1.54 കോടി പേര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്. നിലവില്‍ എ.പി.എല്‍ വിഭാഗത്തിന് പൂര്‍ണമായി ഒക്ടോബര്‍ മാസത്തെ ധാന്യം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.