കൊച്ചി: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജരേഖ വിവാദവുമായി ബന്ധപ്പെട്ട നിയമ നടപടികൾ എ ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ദുർബലമായ ഗ്രൂപ്പിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന രീതിയിലാണ് വ്യാജരേഖ വിവാദം കൊഴുക്കുന്നത്.
എ ഗ്രൂപ്പുകാരായ നിലവിലെ സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലിനും പുതിയ പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനും ഇതുണ്ടാക്കുന്ന തലവേദനയും ചെറുതല്ല. സംസ്ഥാന കമ്മിറ്റി ചുമതലയേൽക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. സനിൽ നൽകിയ ഹരജി ചൊവ്വാഴ്ച മൂവാറ്റുപുഴ മുൻസിഫ് കോടതി പരിഗണിക്കാനിരിക്കുകയാണ്.
സംഘടന തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ച് വോട്ട് ചെയ്തതാണ് നാണക്കേടായത്. പ്രതിസ്ഥാനത്ത് വന്നവരും ആരോപണ വിധേയരായവരുമെല്ലാം എ വിഭാഗക്കാരാണെന്നതാണ് ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കുന്നത്. ഉമ്മൻ ചാണ്ടി ആരോഗ്യ പ്രശ്നങ്ങളാൽ ദുർബലനായതോടെ പല പ്രമുഖരും സ്വന്തം നിലയിൽ ഗ്രൂപ്പുണ്ടാക്കുകയോ മറ്റ് ഗ്രൂപ്പുകൾക്കൊപ്പം ചേരുകയോ ചെയ്തിരുന്നു.
ഇതാണ് യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. ഗ്രൂപ്പിന് മേൽകൈയുണ്ടായിരുന്ന പല ജില്ലകളിലും ചില നേതാക്കളുടെ നോമിനികളാണ് ഭാരവാഹി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എ ഗ്രൂപ്പിലെ ഭിന്നത മറ്റു ഗ്രൂപ്പുകൾ മുതലെടുക്കുകയും ഭാരവാഹികളെ വിജയിപ്പിക്കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് വിവാദങ്ങൾ വന്നത്. ഇതോടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കേസും കോടതി നടപടികളും ആരംഭിച്ചു. മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നഹാസ് നൽകിയ കേസ് ഡിസംബർ രണ്ടിന് പരിഗണിക്കാനിരിക്കെയാണ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു കേസ് കൂടി വന്നത്.
ഇവയെല്ലാം നൽകിയിരിക്കുന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയായതിനാൽ രാഷ്ട്രീയ താൽപര്യങ്ങൾ ചാരി തലയൂരാൻ പറ്റില്ലെന്ന പ്രതിസന്ധിയുമുണ്ട്. സംസ്ഥാന പ്രസിഡന്റ്പദമടക്കം നേടിയെങ്കിലും വ്യാജരേഖകളിലൂടെ നേടിയ വിജയമെന്ന ആക്ഷേപം പുതിയ സംസ്ഥാന പ്രസിഡൻറിനും എ ഗ്രൂപ്പിനും വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുക.
കോടതിയിൽനിന്ന് എതിരായ ഇടപെടലുണ്ടായാൽ അതുണ്ടാക്കുന്ന പ്രതിഫലനവും ചെറുതാകില്ല. പ്രവർത്തകരെ അനുനയിപ്പിച്ച് നിയമ നടപടികളിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.