കോഴിക്കോട്: മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ(65) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന്വെച്ച ശേഷം ഉച്ചക്ക് രണ്ടരക്ക് കൊയിലാണ്ടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിൽ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവുകയായിരുന്നു. സൗമ്യതയും സജീവതയും മുഖമുദ്രയാക്കിയാണ് സംഘടനരംഗത്ത് കഴിവുതെളിയിച്ചത്. പ്രവര്‍ത്തകരുടെ ഏതാവശ്യത്തിനും എവിടെയും ഓടിയെത്താനുള്ള ഊര്‍ജസ്വലതയാണ് ഏവർക്കും പ്രിയങ്കരനാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനർ, കെ.പി.സി.സി നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണ ബാങ്ക് എന്നിവയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ചെയര്‍മാന്‍, കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഉണിത്രാട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര (മുൻ അധ്യാപിക -കൊയിലാണ്ടി കൊല്ലം ഗവ. മാപ്പിള സ്കൂൾ). മക്കള്‍: രജീന്ദ് (സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍), ഇന്ദുജ (ആയുര്‍വേദ ഡോക്ടര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.