കൊല്ലപ്പെട്ട ഹരിദാസ്

പുന്നോൽ ഹരിദാസ്​ വധം: ഏഴു പേർ കസ്​റ്റഡിയിൽ; അന്വേഷണം ആറു സംഘങ്ങളായി തിരിഞ്ഞ്​

കണ്ണൂരിലെ പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരെ കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ്​ പുറത്തുവിട്ടിട്ടില്ല.

ആറു സംഘങ്ങളായി തിരിഞ്ഞാണ്​ അന്വേഷണം നടക്കുന്നതെന്ന്​ കണ്ണൂർ സിറ്റി പൊലീസ്​ കമീഷണർ ആർ ഇള​ങ്കോ പറഞ്ഞു. കേസിൽ പ്രതികളെന്ന്​ സംശയിക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്​. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്​. രാഷ്ട്രീയ കൊലപാതകമാണോ എന്ന്​ സ്ഥിരീകരിക്കാനായിട്ടില്ലെന്ന്​ ആർ ഇള​ങ്കോ പറഞ്ഞു. 

ഇന്ന്​ പുലർച്ചെ വീടിന്​ സമീപത്ത്​ വെച്ചാണ്​ ഹരിദാസ്​ കൊല്ലപ്പെട്ടത്​. ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഹരിദാസ്. ബൈക്ക് ഇറങ്ങി വീട്ടിലേക്ക് നടക്കവേയാണ് രണ്ടുബൈക്കുകളിലായെത്തിയ സംഘം ഹരിദാസനെ ആക്രമിച്ചത്. വെട്ടേറ്റ് ബഹളം വെച്ചതോടെ വീട്ടുകാർ ഓടിയെത്തിയിരുന്നു. തുടർന്ന് വീട്ടുകാരുടെ കൺമുന്നിൽവെച്ചാണ് വെട്ടിനുറുക്കിയത്. 

ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്നാണ്​ ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പുന്നോലിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് സി.പി.എം -ബ‌ി.ജെ.പി സംഘർഷം തുടങ്ങിയത്. ഉത്സവത്തിന് പിന്നാലെ നടത്തിയ ബി.ജെ.പിയുടെ പ്രതിഷേധ യോഗത്തിൽ തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷ് നടത്തിയ കൊലവിളി പ്രസംഗമാണ് ഹരിദാസന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചിട്ടുണ്ട്​.

ഹരിദാസിന്റെ മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചിന് സംസ്കരിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം പരിയാരം മെഡിക്കൽ കോളജിൽനിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം മൂന്നുമണിക്ക് സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പുന്നോലിൽ പൊതുദർശനമുണ്ടാകും. പുന്നോലിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

Tags:    
News Summary - four under custody in haridas nurder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.