ആലപ്പുഴ: ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും റേഷന്‍ നല്‍കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. മനുഷ്യത്വപരമായ സമീപനമില്ലാതെ സെന്‍സസ് എടുത്ത ഉദ്യോഗസ്ഥരാണ് മുന്‍ഗണന പട്ടികയില്‍ കുഴപ്പമുണ്ടാക്കിയത്. ഇത് ഭരണഘടനാവകാശങ്ങളുടെ ധ്വംസനമാണെങ്കിലും ജനം സഹിക്കുകയാണ്. ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞകാലങ്ങളിലെ പിടിപ്പുകേട് റേഷന്‍ സമ്പ്രദായത്തെ തകര്‍ത്ത് തരിപ്പണമാക്കി. കേന്ദ്രം അരി തരാത്തതാണ് പ്രശ്നമെന്ന് ആശയക്കുഴപ്പവുമുണ്ടാക്കി. ജനുവരിയോടെ റേഷന്‍ വിതരണം ശരിയാക്കാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഇതൊന്നുമറിയാതെ നിലപാടുകളിലെ ശരിയുടെ മൂല്യമറിയാതെ മാധ്യമങ്ങള്‍ അദ്ദേഹത്തെ പഴിപറയുകയാണെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പൊതുവിതരണം കുറെക്കൂടി സുതാര്യമായി നടപ്പാക്കാന്‍ പാകത്തില്‍ ജനുവരിയോടെ കുറ്റമറ്റ മുന്‍ഗണന പട്ടികക്കുള്ള തയാറെടുപ്പാണ് നടക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സുതാര്യമായ റേഷന്‍ വിതരണത്തില്‍ അമര്‍ഷമുള്ള വന്‍കിട കച്ചവടക്കാരുടെ റാക്കറ്റുകള്‍ ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കും. കരിഞ്ചന്തയില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാനാണ് അവരുടെ ശ്രമം. സര്‍ക്കാറിന്‍െറ ശക്തമായ നിലപാട് മൂലമാണ് കഴിഞ്ഞ ഓണക്കാലത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലക്കയറ്റമില്ലാതെ പിടിച്ചുനിര്‍ത്താനായത്. ഭക്ഷ്യനയം 2013ല്‍ വന്നതാണെങ്കിലും നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോവുകായിരുന്നു. ഈ അവസരത്തിലാണ് കഴിഞ്ഞ നവംബറില്‍ നയം നടപ്പാക്കാന്‍ അന്തിമസമയം നല്‍കിയത്. ആറുമാസംകൂടി സാവകാശം ചോദിച്ചെങ്കിലും ലഭിച്ചില്ല. പൊതുവിതരണ മേഖലയില്‍ ഉന്നത മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള കേരളം ഇക്കാര്യത്തില്‍ പിന്നില്‍പോയി. ഈ സര്‍ക്കാര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും നടപ്പായില്ല.
ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിന്‍െറ ഭാഗമായി പരാതികള്‍ നല്‍കാന്‍ വേണ്ടത്ര സമയം നല്‍കി. ഇത്തരത്തില്‍ ലഭിച്ച 16 ലക്ഷം പരാതികള്‍ തീര്‍പ്പാക്കുന്നതിന്‍െറ അന്തിമഘട്ടത്തിലാണ്. ജനുവരിയോടെ സുതാര്യമായ നിലയില്‍ റേഷന്‍ വിതരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, ആലപ്പുഴ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്‍റ് എലിസബത്ത് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സിവില്‍ സപൈ്ളസ് കമീഷണര്‍ മിനി ആന്‍റണി സ്വാഗതവും ഡയറക്ടര്‍ വി. രതീശന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.