കൊട്ടാരക്കര: സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരുടെയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കരയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുസ്ഥലങ്ങൾ മലിനമാക്കുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിൽ വർധിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ കൂടിവരുന്ന ജനസാന്ദ്രത മാലിന്യനിർമാർജനത്തിലും വെല്ലുവിളി ഉയർത്തുന്നുണ്ട്. മാലിന്യം കുമിഞ്ഞു കൂടുന്നത് അതത് പ്രദേശത്തെ വായുവും വെള്ളവും മലിനമാകാൻ ഇടയാക്കും.
ജൈവവും അജൈവവുമായ മാലിന്യങ്ങളെ ഉറവിടത്തിൽതന്നെ തരംതിരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികളുണ്ടാകണം. ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് അടുത്ത വർഷം മാർച്ച് 30ന് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ അവസാനിക്കുന്ന കാമ്പയിനാണ് ഇപ്പോൾ തുടക്കമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെക്കുന്ന ‘സമഗ്ര കൊട്ടാരക്കര’യുടെ ഉദ്ഘാടനവും പുലമൺതോടിന്റെ പുനരുജ്ജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഹരിതകർമ സേനാംഗങ്ങൾക്ക് സുരക്ഷാകിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ഹരിത ടൂറിസം കൈപ്പുസ്തക പ്രകാശനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. ‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം’ പുസ്തക പ്രകാശനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, നവകേരളം കർമപദ്ധതി കോഓഡിനേറ്റർ ഡോ.ടി.എൻ. സീമ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ. രമേശ്, തദ്ദേശ ഭരണസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.